ന്യൂദൽഹി- പ്രധാനമന്ത്രി
ഭീമ കൊറെഗാവ് സംഭവങ്ങളുടെ പേരിൽ 2018 ജൂൺ മാസത്തിൽ അറസ്റ്റിലായ റോണ വിൽസന്റെ ലാപ്ടോപ്പിൽ പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ രൂപരേഖ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ ആരോപണം. എന്നാൽ ഈ രേഖകൾ റോണയുടെ ലാപ്ടോപ്പിലേക്ക് ഒരു മാൽവെയർ ഉപയോഗിച്ച് കടത്തിവിടുകയായിരുന്നെന്നാണ് ആർസനൽ കൺസൾട്ടിങ്ങിന്റെ കണ്ടെത്തൽ. 2016 ജൂൺ 13ന് റോണയുടെ ലാപ്ടോപ്പിലേക്ക് ഹാക്കർ പ്രവേശിച്ചിരുന്നു. ഇത് അദ്ദേഹത്തെ നിരീക്ഷണവിധേയമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയായിരുന്നെന്നാണ് ആർസനൽ അനുമാനിക്കുന്നത്. വളരെയധികം സമയം ഹാക്കർ റോണയുടെ കമ്പ്യൂട്ടറിൽ ചെലവഴിച്ചിരുന്നെന്നും ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ആർസനൽ പ്രസിഡണ്ട് മാർക്ക് സ്പെൻസർ പറയുകയുണ്ടായി. പിന്നീട്, റോണ വിൽസൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇതേ ഹാക്കർ പൊലീസ് കണ്ടെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന രേഖകൾ കമ്പ്യൂട്ടറിലേക്ക് കടത്തിവിട്ടത്.
ശരിയായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നു പുനെ പൊലീസ് റെയ്ഡുകൾ നടത്തി തെളിവുകൾ പിടിച്ചെടുത്തതെന്ന് എൻഐഎ വ്യക്തമാക്കി. ഇതിന്റെയെല്ലാം വീഡിയോ പിടിച്ചിട്ടുണ്ട്. തെളിവുകൾ പൂനെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവരുടെ റിപ്പോർട്ടിൽ ഇത്തരമൊരു ഹാക്കിങ് നടന്നതായി പരാമർശിച്ചിട്ടില്ലെന്നും എൻഐഎ പറഞ്ഞു.
കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റാണ് ആർസനൽ കൺസൾട്ടിങ്ങിന്റെ ഡിജിറ്റൽ ഫോറൻസിക് പരിശോധനാഫലം പുറത്തു കൊണ്ടുവന്നത്. റോണയുടെ അഭിഭാഷകരാണ് ഇവരെ സമീപിച്ചത്. ആർസനൽ നൽകിയ റിപ്പോർട്ട് വാഷിങ്ടൺ പോസ്റ്റ് സ്വതന്ത്രമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധിച്ച മൂന്ന് വിദഗ്ധർ ആർസനലിന്റെ റിപ്പോർട്ടിനെ ശരിവെച്ചു.