Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിംകൾക്ക് 'അപരത്വം' കൽപ്പിക്കാൻ സംഘടിതമായ ശ്രമം- ഹാമിദ് അൻസാരി

ന്യൂദൽഹി- മുസ്‌ലിംകൾക്ക് 'അപരത്വം' കൽപ്പിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. തന്റെ പുസ്തകമായ 'ബൈ മെനി എ ഹാപ്പി ഇൻസിഡന്റ്: റീകളക്ഷൻസ് ഓഫ് എ ലൈഫ്' എന്ന പുസ്തകത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹമെന്നത് നൂറ്റാണ്ടുകളായി ഇന്ത്യയുടെ യാഥാർത്ഥ്യമാണെന്ന് അൻസാരി ചൂണ്ടിക്കാട്ടി. "മുസ്‌ലിംകളെ അപരരായി മാറ്റാനുള്ള സംഘടിതമായ ശ്രമം ചില കോണുകളിൽ നിന്നുണ്ടാകുന്നുണ്ട്. ഞാൻ ഒരു പൗരനാണോ അല്ലെയോ എന്നതാണ് ചോദ്യം. ഞാനൊരു പൗരനാണെങ്കിൽ ആ പൗരത്വത്തിന്റെ ഭാഗമായുള്ള എല്ലാ ഫലങ്ങളുടെയും ഗുണഭോക്താവാകാൻ എനിക്കവകാശമുണ്ട്," അദ്ദേഹം വ്യക്തമാക്കി.

ഓരോ മനുഷ്യനും നിരവധി സ്വത്വങ്ങളുണ്ടെന്ന വസ്തുതയും അൻസാരി ചർച്ചക്കിടയിൽ ചൂണ്ടിക്കാട്ടി. ഇതിൽ മുസ്‌ലിം ഐഡന്റിറ്റി എന്നതിനെ മാത്രം എടുത്തുകാണിക്കുന്നത് അനാവശ്യമാണ്. താൻ ഒരേസമയം നിരവധി സ്വത്വങ്ങളെ പേറുന്നുണ്ട്. അതിൽ ഒരു ഐഡന്റിറ്റിയെ പ്രത്യേകമായി പുറത്തെടുത്ത് എന്തിന് പരിഹാസപാത്രമാകണം? ഒരു പൗരൻ എന്നത് മാത്രമാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ നാൽപ്പത് വർഷത്തോളം ഒരു പ്രൊഫഷണൽ നയതന്ത്രജ്ഞനായി പ്രവർത്തിച്ചിരുന്ന കാലത്ത് ഒരിക്കൽപ്പോലും തന്റെ ഇസ്ലാമികത ഒരു വിഷയമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്ത് യുഎന്നിൽ പ്രവർത്തിക്കവെ തന്റെ സ്വത്വം ഒരു വിഷയമായില്ല. തന്റെ തൊഴിൽപരമായ ശേഷികളാണ് വിഷയമായിരുന്നത്.

ഇന്ത്യയിൽ മുസ്‌ലിം  സ്വത്വം മനപ്പൂർവ്വമായി ലക്ഷ്യം വെക്കപ്പെടുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളായവരെ ഭീഷണിപ്പെടുത്തുന്ന കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ സംഭവവികാസങ്ങളിൽ താനും അൻസാരിയും ഏറെ വേദനിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Latest News