Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി കൈത്താങ്ങ്; ഹൂറൂബ്  കുരുക്കഴിഞ്ഞ അലക്‌സ് നാടണഞ്ഞു

അലക്‌സ് ജോസഫ് ബല്ലസ്മർ കെ.എം.സി.സി പ്രവർത്തകരോടൊപ്പം.

അബഹ- മൂന്ന് വർഷത്തോളമായി ഹുറൂബിലായി നിയമക്കുരുക്കിൽപെട്ട് പ്രയാസപ്പെടുന്നതിനിടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കൊല്ലം സ്വദേശിക്ക് നാടണയാൻ ബല്ലസ്മാർ കെ.എം.സി.സി പ്രവർത്തകർ തുണയായി. ജിസാനിൽ ജോലി ചെയ്തിരുന്ന അലക്‌സ് ജോസഫ് കഫീൽ ഹുറൂബാക്കിയതിനെ തുടർന്ന് സുമനസ്സുകളുടെ സഹായത്താൽ ബല്ലസ്മറിൽ ജോലി ചെയ്ത് വരികയായിരുന്നു. തർഹീൽ വഴി നാടണയണമെന്ന മോഹത്തിൽ എംബസിയെ സമീപിക്കാൻ ഇരിക്കേയാണ് അലക്‌സ് ഒരു ഭാഗം പെട്ടെന്ന് കുഴഞ്ഞ് പരസഹായം ഇല്ലാതെ എഴുന്നേൽക്കാനോ ബാത് റൂമിൽ പോകാനോ പറ്റാത്ത അവസ്ഥയിലായത്.
പ്രയാസം കണ്ടറിഞ്ഞ് സ്വന്തം പിതാവിനെ പോലെ പരിചരിക്കാനും സഹായം നൽകാനും സുഹൃത്തുക്കളായ നാസറും ജയകുമാറും മുന്നോട്ട് വന്നു. കഫീലിനെ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സഹകരിക്കാൻ തയാറായില്ല. ഇതേതുടർന്ന് ഇരുവരും രോഗിയായ അലക്‌സ് ജോസഫിനെ സ്വന്തം ഉത്തരവാദിത്തത്തിൽ ജിദ്ദ കോൺസുലേറ്റിൽ എത്തിച്ചു. ജിദ്ദ കെ.എം.സി.സി വെൽഫയർ വിഭാഗം പ്രവർത്തകരായ മുഹമ്മദ് കുട്ടി, സജ്ജാദ് മൂത്തേടം എന്നിവരുടെ സഹായത്തോടെ ജിദ്ദയിൽ 12 ദിവസം താമസിപ്പിച്ചു. തുടർന്ന് എമർജൻസി പാസ്‌പോർട്ടും എക്‌സിറ്റും തരപ്പെടുത്തി ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കുകയായിരുന്നു.
കോൺസുലേറ്റിലെ കാര്യങ്ങൾക്ക് വേണ്ടിയും മറ്റുമുള്ള നിയമോപദേശങ്ങളും നിർദേശങ്ങളും നൽകിയ ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ, നാസർ വേങ്ങര, ജയകുമാർ കൊല്ലം, ടിക്കറ്റിനായി സഹായിച്ചവർ എല്ലാവർക്കും ബല്ലസ്മാർ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം നന്ദി പറഞ്ഞു.

 

Latest News