Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ചൊല്ലിയ ജില്ലാ ജഡ്ജി കലാം  പാഷക്കെതിരെ ഭാര്യ ഹൈക്കോടതിയില്‍

പാലക്കാട്- സുപ്രീംകോടതി വിധി ലംഘിച്ച് തന്നെ മുത്തലാഖ് ചൊല്ലിയതില്‍ ജില്ലാ ജഡ്ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി തേടി മുന്‍ ഭാര്യ. പാലക്കാട് ജില്ലാ സെഷന്‍സ് ജഡ്ജി ബി കലാം പാഷയ്‌ക്കെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.  കലാം പാഷയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടാണ് പരാതിക്കാരി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുന്നത്. കടവന്ത്ര പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മുന്‍കൂര്‍ അനുമതിയാണ് ഇവര്‍ തേടിയത്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തലാഖ് നടന്നു എന്ന് സ്ഥാപിക്കാന്‍ ജഡ്ജി വ്യാജമായ രേഖകള്‍ തയ്യാറാക്കിയെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതിന് ശേഷം, വിധി ലംഘിച്ച് കലാം പാഷ തന്നെ തലാഖ് ചൊല്ലിയെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 2018 മാര്‍ച്ച് ഒന്നിനാണ് അന്നേ ദിവസത്തെ തിയതി രേഖപ്പെടുത്തിയ മുത്തലാക്ക് ചൊല്ലുന്നു എന്ന കത്ത് കലാം പാഷ ഇവര്‍ക്ക് നല്‍കിയത്. പിന്നീട് ഇത് അച്ചടിപ്പിശകാണെന്ന് വാദിച്ച്, തിയതി 2017 മാര്‍ച്ച് എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കി. ഇത് സുപ്രീംകോടതി വിധിയുടെ നടപടിക്രമങ്ങളില്‍നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ജഡ്ജികൂടിയായ കലാം ഇങ്ങനെ ചെയ്തതെന്നാണ് പരാതിക്കാരി ആരോപിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ന്യായാധിപകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതി ചീഫ് ജസറ്റിസിന്റെ അനുമതി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കലാം പാഷയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Latest News