കൊച്ചി - ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ദേശീയപാതയിൽ നിർദിഷ്ഠ 45 മീറ്റർ പദ്ധതിയെക്കാൾ നിലവിലുള്ള 30 മീറ്ററിൽ ആകാശപ്പാത നിർമിക്കുന്നതാണ് എല്ലാ തരത്തിലും നേട്ടമെന്നു സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 45 മീറ്റർ പദ്ധതിയുടെ ഭൂമിയേറ്റെടുപ്പിന് 1690 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ചുമതലയുള്ള സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ രേഖാമൂലം നിയമസഭയെ അറിയിച്ചിട്ടുള്ളത്. റോഡ് നിർമാണത്തിന് 1104.48 കോടി രൂപ വേണമെന്ന് ദേശീയ പാത അതോറിറ്റി നിയോഗിച്ച കൺസൾട്ടന്റിന്റെ റിപ്പോർട്ടിലുണ്ട്.
ഈ രണ്ടു ചെലവുകളേക്കാൾ കുറഞ്ഞ തുകയിൽ എലവേറ്റഡ് ഹൈവേ നിർമിക്കാനാവുമെന്ന് കൺസൾട്ടന്റിന്റെ കണ്ടെത്തലിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ കഴക്കൂട്ടത്ത് ദേശീയ പാത അതോറിറ്റി നിർമിക്കുന്ന ആകാശപ്പാതക്ക് കിലോമീറ്ററിന് 71.84 കോടി മാത്രമാണ് ചിലവ്. ഇതനുസരിച്ച് ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്ത് 23.3 കിലോമീറ്ററിന് 1674 കോടി രൂപ മാത്രം മതിയാകും. 15 മീറ്റർ അധികഭൂമി ഏറ്റെടുക്കാൻ ചിലവാകുന്ന നഷ്ടപരിഹാര തുക മാത്രം ഉപയോഗിച്ച് ആകാശപ്പാത നിർമിക്കാനാവുമെന്നും അതിനാൽ 45 മീറ്റർ പദ്ധതിക്ക് വേണ്ടിയുള്ള ദേശീയ പാത അതോറിറ്റി ദുർവാശി വെടിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ സമരസമിതി ചെയർമാൻ ഹാഷിം ചേന്നാമ്പിള്ളി, കൺവീനർ കെ.വി സത്യൻ മാസ്റ്റർ, ടോമി അറക്കൽ എന്നിവർ പങ്കെടുത്തു.