സിഡ്‌നി- ദക്ഷിണ പസഫിക് സമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയൻ കാലാവസ്ഥാ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഓസ്‌ട്രേലിയയുടെ പ്രധാന ഭൂപ്രദേശത്തിന് 550 കിലോമീറ്റർ (340 മൈൽ) കിഴക്കായി സ്ഥിതിചെയ്യുന്ന ലോർഡ് ഹൗവേ ദ്വീപിന് ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയക്ക് പുറമെ, അയൽ രാജ്യങ്ങളായ ന്യൂസിലാന്റ്, ന്യൂ കാലിഡോണിയ, വാനുവാടു, മേഖലയിലെ മറ്റ് രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകി. യു.എസ് ജിയോളജിക്കൽ സർവേയാണ് ഈ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ ന്യൂ കാലിഡോണിയയിലെ വാവോയിൽ നിന്ന് 415 കിലോമീറ്റർ കിഴക്ക് മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതേത്തുടർന്ന് തിരമാലകൾ 0.3 മുതൽ ഒരു മീറ്റർ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം പറയുന്നു. ഫിജി, ന്യൂസിലാന്റ്, വാനുവാടു തീരങ്ങളിലാണ് ഇത്തരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. ജനങ്ങളോട് തീരപ്രദേശത്തേക്ക് പോകരുതെന്നും തീരപ്രദേശങ്ങളിലും ജലാശയങ്ങളുടേയും അടുത്ത് താമസിക്കുന്നവരോട് മാറാനും അധികൃതർ നിർദ്ദേശം നൽകി.