ന്യൂദൽഹി - ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ശശി തരൂർ എം.പിയും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള ഏഴു പേരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസിൽ രണ്ട് ആഴ്ചയ്ക്കു ശേഷം വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കു സാവകാശം നൽകരുതെന്നും കേസിൽ നാളെ വാദം കേൾക്കണമെന്നും ദൽഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ കോടതി കേസ് പരിഗണിക്കുന്നതു വരെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂർ എംപി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവർ അടക്കം ഏഴു പേർക്കെതിരെയാണ് രാജ്യദ്രോഹക്കേസെടുത്തത്.