കോയമ്പത്തൂര്‍-വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ 15.22 കോടി രൂപ മോചനദ്രവ്യമായി നല്‍കിയെന്നു പത്രപ്രവര്‍ത്തകന്‍ പി.ശിവസുബ്രഹ്മണ്യം. ശിവസുബ്രഹ്മണ്യം എഴുതിയ 'വീരപ്പന്‍ വാഴ്ന്തതും വീഴ്ന്തതും' (വീരപ്പന്റെ ജീവിതവും വീഴ്ചയും) എന്ന പുസ്തകത്തിന്റെ പുറത്തിറങ്ങിയ രണ്ടും മൂന്നും ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നത്. പുസ്തകത്തിന്റെ ഒന്നാം ഭാഗം നേരത്തെ പുറത്തിറങ്ങിയിരുന്നു. രാജ്കുമാറിനെ മോചിപ്പിക്കാന്‍ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കായി വീരപ്പനുമായി ചര്‍ച്ച നടത്തിയ നക്കീരന്‍ മാസിക എഡിറ്റര്‍ ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അംഗമായിരുന്നു ശിവസുബ്രഹ്മണ്യം. തമിഴ്‌നാട് താളവാടി ഗജനൂരിലെ കൃഷിയിടത്തിലെ വീട്ടില്‍ നിന്ന് 2000 ജൂലൈ 30നാണ് വീരപ്പനും സംഘവും രാജ്കുമാര്‍, ബന്ധു ഗോവിന്ദരാജ് നാഗേഷ്, സഹായി നാഗപ്പ എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഒട്ടേറെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു ശേഷം 2000 നവംബര്‍ 13നു രാജ്കുമാറിനെ മോചിപ്പിച്ചു. വീരപ്പനു കോടികള്‍ നല്‍കിയിട്ടാണു മോചനം സാധ്യമായതെന്നു തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, കര്‍ണാടക സര്‍ക്കാരും രാജ്കുമാറിന്റെ ബന്ധുക്കളും ഇതു നിഷേധിച്ചിരുന്നു. വീരപ്പനെ ആദ്യം നേരില്‍ക്കണ്ടു ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകനാണു ശിവ സുബ്രഹ്മണ്യം.കര്‍ണാടക സര്‍ക്കാര്‍ രണ്ടു തവണകളായി വീരപ്പനു 10 കോടി രൂപ നല്‍കിയെന്നും 2000 നവംബര്‍ 30ന് 5.22 കോടി രൂപ കൂടി നല്‍കിയെന്നുമാണു ശിവസുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. പണം ലഭിച്ച ശേഷം വീരപ്പന്‍ രാജ്കുമാറിനെ ഡിവികെ പ്രസിഡന്റ് കൊളത്തൂര്‍ മണി, തമിഴര്‍ ദേശീയ മുന്നണി പ്രസിഡന്റ് പി.നെടുമാരന്‍ എന്നിവര്‍ക്കു കൈമാറി. 900 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും 100 കോടി രൂപയുമാണു വീരപ്പന്‍ ആദ്യം മോചനദ്രവ്യമായി ആവശ്യപ്പെട്ടതത്രെ. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷമാണു തുക കുറയ്ക്കാന്‍ തയാറായത്. രാജ്കുമാറിനെ വിട്ടയയ്ക്കാന്‍ വീരപ്പനു പണം നല്‍കിയെന്നതു നക്കീരന്‍ ഗോപാലന്‍ നിഷേധിച്ചിട്ടുണ്ട്. ശിവസുബ്രഹ്മണ്യം ഇപ്പോള്‍ തന്നോടൊപ്പം ജോലി ചെയ്യുന്നില്ലെന്നും ഗോപാലന്‍ അറിയിച്ചു.