Sorry, you need to enable JavaScript to visit this website.

മഞ്ഞുമല ദുരന്തം: മരണം 26, 197 പേരെ കുറിച്ച് വിവരമില്ല 

ഡെറാഡൂൺ-ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ കിട്ടി. രുദ്രപ്രയാഗ് മേഖലയിൽ നിന്നാണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്. 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .അതേസമയം കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. 171 പേരെ കാണാതായി എന്നാണ് പോലീസ് പറയുന്നത്. എന്നാൽ 197 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.
രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നത് പ്രധാനമായും രണ്ടു തുരങ്കങ്ങളിലാണ്. ഋഷിഗംഗ പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള 900 മീറ്റർ നീളമുളള തുരങ്കത്തിലും വിഷ്ണുഗഡ് പവർ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള രണ്ടര കിലോമീറ്റർ നീളമുളള തുരങ്കത്തിലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവയ്ക്കകത്ത് മണ്ണും ചെളിയും അടിഞ്ഞുകൂടിയിരിക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് ഇവ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന ആളുകൾ ഉളള ഭാഗത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. ഡോഗ് സ്‌ക്വാഡ് ഉൾപ്പടെ തിരച്ചിലിനായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇപ്പോഴും ചമോലിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് അദ്ദേഹം തന്നെയാണ് ഇപ്പോഴും നേതൃത്വം വഹിക്കുന്നത്. കരസേനയും ഐ.ടി.ബി.പി.യും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ഉൾപ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്.
 

Latest News