തിരുവനന്തപുരം- മുൻ മന്ത്രി ശശീന്ദ്രൻ പ്രതിയായ ഫോൺ കെണി വിവാദം അന്വേഷിച്ച കമ്മീഷൻ റിപോർട്ട് മുഖ്യമന്ത്രി കൈമാറി. ജസ്റ്റീസ് പി.എസ് ആന്റണിയാണ് റിപ്പോർട്ട് കൈമാറിയത്. രണ്ടു വാള്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് കൈമാറിയത്. കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കത്തെ വ്യക്തമാക്കാനാകില്ലെന്ന് പി.എസ് ആന്റണി പറഞ്ഞു. ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റിലെത്തി ആന്റണി റിപോർട്ട് കൈമാറിയത്. മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ വേണമെന്ന് ആന്റണി പറഞ്ഞു. ടേംസ് ഓഫ് റഫറൻസിലെ ഒന്നു മുതൽ നാലു വരെയുള്ള ഭാഗത്തെ പറ്റി ഒന്നും പറയുന്നില്ലെന്നും ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് രാഷ്ട്രീയ തീരുമാനമാണ് വരേണ്ടതെന്നും ആന്റണി വ്യക്തമാക്കി.
അതേസമയം, മുൻ മന്ത്രി ശശീന്ദ്രന് പൂർണമായും കൂറ്റവിമുക്തനാക്കുന്ന റിപോർട്ടല്ല കൈമാറിയത് എന്നാണ് സൂചന. പരാതിക്കാരി നിരവധി തവണ സമൻസ് അയച്ചിട്ടും വന്നില്ലെന്നും ആന്റണി പറഞ്ഞു.
പരാതിക്കാരി പരാതി പിൻവലിക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. താൻ വീണ്ടും മന്ത്രിയാകുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ആരാണ് അടുത്ത മന്ത്രി എന്ന കാര്യം പാർട്ടിയും മുന്നണിയുമാണ് ചർച്ച ചെയ്യേണ്ടത് എന്നും ശശീന്ദ്രൻ പറഞ്ഞു. ഫോൺ കെണി വിവാദത്തിലെ പരാതിക്കാരിയുടെ അപേക്ഷ വ്യാഴാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ അന്യായമായതിനാൽ കേസ് തീർപ്പാകാനാണ് സാധ്യത.