അഹ്മദാബാദ്- പ്രതിഷേധിക്കുന്ന കര്‍ഷകരെ തടയാന്‍ ദല്‍ഹിയില്‍ ഹൈവേ കുഴിക്കുകയും ആണി തറക്കുകയും ചെയ്യുന്നതിനു പകരം അതു ചെയ്യേണ്ടത് ചൈനീസ് കടന്നുകയറ്റം തടയാന്‍ ലഡാക്കിലാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ് (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.
പ്രധാനമന്ത്രി മോഡി കര്‍ഷകരുടെ മന്‍കി ബാത്ത് കേള്‍ക്കാന്‍ തയാറാകണം. ആണി തറച്ചിരുന്നുവെങ്കില്‍ ചൈനക്കാര്‍ കടന്നു കയറുമായിരുന്നില്ല. ലഡാക്കില്‍ ആണി തറക്കാത്തതു കൊണ്ട് 18 സൈനികര്‍ കൊല്ലപ്പെട്ടത്. 56 ഇഞ്ച് നെഞ്ചളവുണ്ടെങ്കില്‍ ചൈനയെയാണ് പാഠം പഠിപ്പിക്കേണ്ടത്- അഹ് മദാബാദില്‍ പൊതുയോഗത്തില്‍ ഉവൈസി പറഞ്ഞു. മോഡിജി എല്ലാവരെ കുറിച്ചും എന്തിനെ കുറിച്ചും പറയും. പക്ഷേ, ചൈനയെ കുറിച്ച് ഇതുവരെ മിണ്ടിയിട്ടില്ല.
കൃഷി സംസ്ഥാനങ്ങളുടെ വിഷയമായതു കൊണ്ടുതന്ന് മൂന്ന് കാര്‍ഷിക നിയമങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന വിഷയങ്ങളില്‍ നിയമമുണ്ടാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സമര രംഗത്തുള്ള കര്‍ഷകരെ ഖാലിസ്ഥാനികളെന്നും നക്‌സലുകളായ ആദിവാസി ദളിതുകളെന്നും മുസ്ലിം ജിഹാദികളെന്നുമാണ് വിളിക്കുന്നത്. എവിടെക്കാണ് ഈ രാജ്യം പോകുന്നത്. എത്രമാത്രം വിദ്വേഷമാണ് നിങ്ങള്‍ പ്രചരിപ്പിക്കുന്നത്.
നിങ്ങളുടെ സ്വന്തം തട്ടകത്തുനിന്നുകൊണ്ട് ഞാനൊരു ചോദ്യം ഉന്നയിക്കുകയാണ്. എന്തുകൊണ്ടാണ് 2020 ല്‍ ചൈനീസ് സൈന്യത്തിന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിച്ചത് ? ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഒരുമയില്ലെന്നും ലവ് ജിഹാദിന്റെ പേരിലും കൊറോണ ജിഹാദിന്റെ പേരിലും അവര്‍ പരസ്പരം ആരോപിക്കുകയാണെന്നും ചൈനക്കാര്‍ക്ക് അറിയാം. ജനങ്ങളില്‍ ഐക്യം വളര്‍ത്തുന്നതിനു പകരം സര്‍ക്കാര്‍ വിദ്വേഷം പടര്‍ത്തുകയാണ്- ഉവൈസി കുറ്റപ്പെടുത്തി.