റിയാദ് - ഇഖാമ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിന് സുരക്ഷാ വകുപ്പുകൾ നടത്തുന്ന റെയ്ഡുകളിൽ അഞ്ചു ദിവസത്തിനിടെ പിടിയിലായത് 36,656 പേർ. ചൊവ്വാഴ്ചയാണ് സൗദിയിൽ പൊതുമാപ്പ് അവസാനിച്ചത്. ബുധൻ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 22,085 ഇഖാമ നിയമ ലംഘകരും 6,874 നുഴഞ്ഞുകയക്കാരും 7,697 തൊഴിൽ നിയമ ലംഘകരും പിടിയിലായി.
അഞ്ചു ദിവസത്തിനിടെ സൗദിയിൽ നുഴഞ്ഞുകയറുന്നതിനു ശ്രമിച്ച 574 പേരെയും അതിർത്തി വഴി വിദേശത്തേക്ക് കടക്കുന്നതിന് ശ്രമിച്ച മൂന്നു പേരെയും പിടികൂടി. 8,371 പുരുഷന്മാരും 978 വനിതകളും അടക്കം 9,349 പേർക്ക് എതിരെ വിദേശി നിരീക്ഷണ വകുപ്പുകൾ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമ ലംഘകർക്ക് സഹായങ്ങൾ നൽകിയയതിന് 27 സൗദി പൗരന്മാരെയും പിടികൂടി. ഇതിൽ ഒരാളെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 4,457 നിയമ ലംഘകരെ നാടുകടത്തി. യാത്രാ രേഖകൾ നേടുന്നതിന് 2,750 നിയമ ലംഘകരെ തങ്ങളുടെ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങൾക്ക് കൈമാറി. 2,891 നിയമ ലംഘകരെ നാടുകടത്തുന്നതിന് ടിക്കറ്റ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കിവരികയാണ്.
അതേസമയം, റെയ്ഡുകൾക്കിടെ പിടിയിലാകുന്ന നിയമ ലംഘകരുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ജയിലുകളിൽ നിയമ ലംഘകരുടെ കടുത്ത തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിയാദ് പ്രവിശ്യ ജവാസാത്തും ജയിൽ വകുപ്പിനു കീഴിലെ വിദേശി നിരീക്ഷണ വകുപ്പും വിശകലനം ചെയ്തു. നിയമ ലംഘകരുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏതാനും നിർദേശങ്ങൾ റിയാദ് ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽസുഹൈബാനിയും വിദേശി നിരീക്ഷണ വകുപ്പ് മേധാവി ബ്രിഗേഡിയർ ശാഹിർ അൽഅജമിയും ചർച്ച ചെയ്തു. വിദേശി നിരീക്ഷണ വകുപ്പ് സന്ദർശിച്ച ജവാസാത്ത് മേധാവി നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള ജവാസാത്ത് പദ്ധതികൾ നടപ്പാക്കുന്നത് ഉറപ്പുവരുത്തി. നിയമ ലംഘകരുടെ കടുത്ത തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്ന് ജവാസാത്ത് മേധാവി ആവശ്യപ്പെട്ടു.