ചെന്നൈ- ബെംഗളുരുവിൽ നാലു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ വാഹനവ്യൂഹം അതിർത്തിയിൽ പോലീസ് തടഞ്ഞു. നൂറു വാഹനങ്ങളുടെ അകമ്പടിയോടെ തമിഴ്‌നാട് അതിർത്തിയായ കൃഷ്ണഗിരിയിൽ എത്തിയ ശശികലയെ തടഞ്ഞ പോലീസ് അകമ്പടിയായി അഞ്ചു വാഹനങ്ങൾ മാത്രമേ കടത്തി വിടൂവെന്ന് വ്യക്തമാക്കി.
അണ്ണാഡി.എം.കെ പതാക ഉപയോഗിക്കാനാകില്ലെന്ന് അറിയിച്ച പോലീസ് ശശികലയുടെ വാഹനത്തിൽനിന്ന് കൊടി എടുത്തുമാറ്റി. ഇതോടെ അണ്ണാഡി.എം.കെ പ്രവർത്തകന്റെ പാർട്ടി പാതകയുള്ള കാറിലേക്ക് ശശികല മാറിക്കയറി. പോലീസ് നിർദേശം ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണ്.
കൃഷ്ണഗിരിയിൽ വൻ സ്വീകരണമാണു ശശികലയ്ക്കായി പ്രവർത്തകർ ഒരുക്കിയിരുന്നത്. ശശികലയെ സ്വീകരിക്കാൻ എത്തിയ കാറുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. റാലിക്കിടെ പ്രവർത്തകർ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടർന്നത്. ശശികലയെ രാജമാതാ എന്ന് വിശേഷിപ്പിക്കുന്ന ബോർഡുകളാണ് തമിഴ്‌നാട്ടിലുടനീളം അനുയായികൾ സ്ഥാപിച്ചിരിക്കുന്നത്.