Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ പ്രളയ മുന്നറിയിപ്പ്: സ്‌കൂളുകള്‍ക്ക് നാളെ അവധി

ജിദ്ദ- അടുത്ത ദിവസങ്ങളില്‍ ജിദ്ദ അടക്കമുള്ള മക്ക പ്രവിശ്യയില്‍  കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മുന്നൊരുക്കത്തിന്റെ ഭാഗമായി മക്ക പ്രവിശ്യയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കി.
മക്ക, തായിഫ്, ജിദ്ദ എന്നിവ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. 2009-ല്‍ ഉണ്ടായിരുന്ന വെള്ളപ്പൊക്കം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

വെള്ളപ്പൊക്കം തടയുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ജിദ്ദ ബലദിയ ബ്രാഞ്ച് പരിധിയില്‍ രണ്ടായിരത്തോളം തൊഴിലാളികളെ നിയോഗിച്ചു. അഞ്ഞൂറിലേറെ ഉപകരണങ്ങളും സജ്ജമാക്കി. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ജംഗ്ഷനുകളിലും പ്രത്യേക കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കെട്ടിനില്‍ക്കുന്ന വെള്ളം അതാത് സമയങ്ങളില്‍ മാറ്റുന്നതിന് ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തി.
2009-ല്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ജിദ്ദ വെള്ളപ്പൊക്കത്തിന്റെ ആവര്‍ത്തനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ നിസാരമായി കാണരുതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്ന റോഡുകള്‍ വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കിഴക്കന്‍ തബൂക്കിലെ അല്‍ വജഹില്‍ പെയ്ത കനത്ത മഴയില്‍ റോഡുകള്‍ പുഴയായപ്പോള്‍. (വീഡിയോ കാണാം)

 

 

 

Latest News