പുല്പള്ളി-പൊതുവിജ്ഞാനത്തില്‍ മികവുകാട്ടി അഞ്ചു വയസുകാരി അന്ന. അഞ്ചു വയസിന്റെ അതിരുകള്‍ക്കകത്തു നില്ക്കുന്നതല്ല അവളുടെ അറിവിന്റെ ലോകം. ലോകരാഷ്ട്രങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും നാമം, രാഷ്ട്രത്തലവന്മാര്, ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍, സംസ്ഥാനത്തെ മന്ത്രിമാര്‍, ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകള്‍ അന്നയ്ക്കു ഹൃദിസ്ഥം. സമപ്രായത്തിലുള്ള കുട്ടികള്‍ അക്ഷരമാലയുമായി അങ്കംവെട്ടി തളരുമ്പോഴാണ് അന്നയുടെ മികവ്. പ്രായത്തെ വെല്ലുന്നതാണ് അന്നയുടെ ഓര്‍മശക്തി.
പഞ്ചായത്തിലെ കോളറാട്ടുകുന്ന് നടക്കുഴയ്ക്കല്‍ സന്തോഷ്-ചിഞ്ചു ദമ്പതികളുടെ മകളാണ് അന്ന. മകളുടെ സവിശേഷ ഓര്‍മശക്തി അന്നയ്ക്കു ഒരു വയസുള്ളപ്പോഴാണ് തിരിച്ചറിഞ്ഞതെന്നു മാതാപിതാക്കള്‍ പറയുന്നു. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ദിവസങ്ങള്‍ക്കുശേഷവും അന്ന ഓര്മിച്ചെടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സന്തോഷും ചിഞ്ചുവും മകളെ പൊതുവിജ്ഞാനത്തിന്റെ ലോകത്തേക്കു കൈപിടിച്ചു നടത്തുകയായിരുന്നു. പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വാങ്ങിയാണ് രക്ഷിതാക്കള്‍ അന്നയെ പഠിപ്പിക്കുന്നത്. പൊതു വിജ്ഞാനരംഗത്ത് അന്നയ്ക്കു കൂടുതല്‍ പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് സന്തോഷും ചിഞ്ചുവും. പുല്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിനിയാണ് അന്ന.