Sorry, you need to enable JavaScript to visit this website.

പുറത്തിറങ്ങാന്‍ പറ്റുന്നില്ല, അവര്‍ പിന്തുടരുന്നു; ഭീതിയോടെ ബി.ജെ.പി നേതാക്കള്‍

ജലന്ധര്‍- വോട്ട് ചോദിച്ച് പുറത്തിറങ്ങിയാല്‍ കര്‍ഷകരുടെ രോഷം നേരിടുകയാണെന്ന് തുറന്നു സമ്മതിക്കുകയാണ് പഞ്ചാബിലെ ബി.ജെ.പി നേതാക്കള്‍. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇത് ബി.ജെ.പിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. അവര്‍ എവിടെയും ഞങ്ങളെ പിന്തുടരുകയാണെന്ന് ജലന്ധറിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് രമേശ് ശര്‍മ പറയുന്നു.
2015 ലെ തെരഞ്ഞെടുപ്പില്‍ അകാലിദള്‍-ബി.ജെ.പി സഖ്യമാണ് തദ്ദേശ സ്ഥാപനങ്ങള്‍ തൂത്തൂവാരിയിരുന്നത്. എന്നാല്‍ ഇത്തവണ മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനോ മറ്റു സീറ്റുകളില്‍ പ്രചാരണം നടത്താനോ ബി.ജെ.പിക്ക് കഴിയാതായി.
ധാരാളം നേതാക്കള്‍ ബി.ജെ.പിയില്‍നിന്് രാജിവെച്ചു. ജനുവരിയില്‍ മാത്രം 20 പേരാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയിലെ ഏക സിക്ക് മുഖമായ മല്‍വീന്ദര്‍ സിംഗ് കാംഗും  രാജിവെച്ച നേതാക്കളില്‍ ഉള്‍പ്പെടും.
ബി.ജെ.പിക്കാര്‍ തങ്ങളുടെ വാഹനങ്ങളില്‍നിന്ന് പാര്‍ട്ടി പാതക നീക്കിയാണ് റോഡുകളില്‍ ഇറങ്ങുന്നത്. പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകരുടെ നീക്കങ്ങളും സരമപരിപാടികളും പരിശോധിച്ച ശേഷം മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാറുള്ളൂവെന്നും നേതാക്കള്‍ പറയുന്നു.
ഞങ്ങളെ കാണുമ്പോഴൊക്കെ പ്രതിഷേധക്കര്‍ വഴി തടയുകയാണെന്ന് ബി.ജെ.പിയുടെ മുന്‍ ജലന്ധര്‍ ജില്ലാ പ്രസിഡന്റും സംഗൂര്‍ ജില്ലയിലെ സൂനമില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഇന്‍ ചാര്‍ജുമായ ശര്‍മ പറഞ്ഞു. നേതാക്കളുടെ വീടുകള്‍ക്കുമുന്നില്‍ നടക്കുന്ന കര്‍ഷക ധര്‍ണക്കുപിന്നില്‍ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിക്കുന്നു.

 

Latest News