Sorry, you need to enable JavaScript to visit this website.

ഘാനയിൽ ജയിലല്ല, സിയറ ലിയോണിൽ-ആരോപണങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ

സിയറ ലിയോൺ- ഘാനയിൽ ജയിലിലാണ് താൻ എന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്. സിയറ ലിയോണിൽ ബിസിനസ് ആവശ്യത്തിന് വന്നതാണെന്ന് ഫെയ്‌സ്ബുക്ക് വീഡിയോ ലൈവിൽ എം.എൽ.എ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും അനുമതി വാങ്ങിയാണ് വിദേശത്തേക്ക് വന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന യൂത്ത് കോൺഗ്രസിന് നാണമില്ലെന്നും എം.എൽ.എ വ്യക്തമാക്കി. സർക്കാറിന്റെ മുഴുവൻ അനുമതിയും വാങ്ങിയുള്ള ഖനന പ്രവർത്തനത്തിനാണ് സിയറലിയോണിൽ എത്തിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി തന്റെ മുഴുവൻ ബിസിനസുകളും കള്ളക്കേസുകൾ നൽകി പൂട്ടിക്കുകയാണ് കോൺഗ്രസ് ചെയ്തത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വൻ തുക നൽകുന്ന തനിക്ക് ബിസിനസ് പൂട്ടിയത് വലിയ സാമ്പത്തിക തകർച്ചയുണ്ടാക്കി. ഇതിൽനിന്ന് കരകയറാനാണ് പുതിയ ബിസിനസ് സംരംഭം ആലോചിച്ചത്. രാഷ്ട്രീയം തനിക്ക് വരുമാന മാർഗമല്ലെന്നും ജനസേവനത്തിനുള്ള വഴിയാണെന്നും അൻവർ വ്യക്തമാക്കി. സിയറ ലിയോണിൽ ഖനനം നടക്കുന്ന സ്ഥലത്തുനിന്നുള്ള വീഡിയോയുടെ പശ്ചാതലത്തിലാണ് അൻവർ ലൈവിൽ വന്നത്.

Latest News