മുംബൈ- പതിനഞ്ചുകാരിയായ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ 19 കാരന് പോക്‌സോ നിയമപ്രകാരം നല്‍കിയ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. പ്രതിക്ക് ജാമ്യം നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രഥമവിവര റിപ്പോര്‍ട്ടില്‍ നല്‍കിയ മൊഴിയില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതും ഫൊറന്‍സിക് റിപ്പോര്‍ട്ട് വിചാരണയുടെ അവസാനം വരെ ലഭ്യമല്ലാതിരുന്നതുമാണ് ശിക്ഷ റദ്ദാക്കാന്‍ കാരണം.
2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഫയല്‍ ചെയ്ത ക്രിമിനല്‍ അപ്പീലിലാണ് ജസ്റ്റിസ് സന്ദീപ് കെ. ഷിന്‍ഡെയുടെ വിധി. കേസിലെ ഇര മൊഴി മാറ്റിയ കാര്യം ശ്രദ്ധയില്‍പെടുത്തിയ അഭിഭാഷകന്‍ അപ്പീലില്‍ അന്തിമ തീര്‍പ്പാകുന്നതുവരെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരയുടെ മൊഴി കോടതി നേരിട്ട് കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിയുടെ വീട്ടില്‍ താമസിച്ചു പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു കേസ്. ഇരയുടെ കൂട്ടുകാരി ക്ലാസ് ടീച്ചറോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അവര്‍ പോലീസിനെ അറിയിച്ചു. വൈദ്യ പരിശോധനയില്‍ പരിക്കുകളൊന്നും കണ്ടെത്തിയില്ല.
പ്രഥമവിവര റിപ്പോര്‍ട്ടില്‍ നല്‍കിയ മൊഴിയില്‍നിന്ന് ഒരു ഭാഗം പെണ്‍കുട്ടി പിന്നീട് മാറ്റിപ്പറയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ഒരു തവണയല്ല, നാലോ അഞ്ചോ തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അധ്യാപികയുടെ നിര്‍ബന്ധപ്രകാരമാണ് ബലാത്സംഗം എന്ന് പറഞ്ഞതെന്നും പെണ്‍കുട്ടി അറിയിച്ചു.
പെണ്‍കുട്ടി മൊഴിമാറ്റിയെന്ന കാര്യവും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായിരുന്നില്ല എന്നതും അവഗണിച്ചാണ് പ്രതിയെ ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കിയത്.