ന്യൂദല്‍ഹി-കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് അന്താരഷ്ട്ര ശ്രദ്ധ ലഭിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (ഒ.എച്ച്.സി.എച്ച്.ആര്‍.)രംഗത്ത്. സര്‍ക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടു. സമാധാനപരമായ സമ്മേളനത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഒ.എച്ച്.സി.എച്ച്.ആര്‍. പറഞ്ഞു.
'കര്‍ഷക പ്രതിഷേധങ്ങളില്‍ പരമാവധി സംയമനം പാലിക്കാന്‍ ഞങ്ങള്‍ അധികാരികളോടും പ്രതിഷേധക്കാരോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനപരമായ കൂടിച്ചേരലിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശങ്ങള്‍ ഓഫ്‌ലൈനിലും ഓണ്‍ലൈനിലും പരിരക്ഷിക്കണം. എല്ലാവരുടേയും മനുഷ്യാവകാശങ്ങള്‍ ബഹുമാനിച്ചുകൊണ്ട് ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് നിര്‍ണായകമാണ്', ഒ.എച്ച്.സി.എച്ച്.ആര്‍. ട്വീറ്റ് ചെയ്തു.
ഇതിനിടെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകസംഘടനകള്‍ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയസംസ്ഥാന പാതകള്‍ മൂന്നുമണിക്കൂര്‍ ഉപരോധിക്കും.വഴിതടയലിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചനടത്തിയിരുന്നു.
റോഡുപരോധത്തിനുള്ള മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ ദേശീയസംസ്ഥാന പാതകള്‍മാത്രം ഉപരോധിക്കുക, സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറണ്‍മുഴക്കി സമരം സമാപിക്കും.