കൊൽക്കത്ത- കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷി(72)അന്തരിച്ചു. ന്യൂദൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒൻപതു വർഷമായി കോമയിലായിരുന്നു അദ്ദേഹം. 2008 ഒക്ടോബർ പന്ത്രണ്ടിന് കനത്ത ഹൃദയാഘാതത്തെ തുടർന്നാണ് മുൻഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്ര മന്ത്രിസഭയിൽ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പായിരുന്നു മുൻഷി വഹിച്ചിരുന്നത്. മുൻ കേന്ദ്രമന്ത്രി ദീപ ദാസ് മുൻഷി മകനാണ്.
നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലായിരുന്നു ദാസ് മുൻഷിയെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെനിന്നാണ് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു മാസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ മുൻഷിയുടെ നിര്യാണത്തിൽ അനുശോചിച്ചു.