Sorry, you need to enable JavaScript to visit this website.

ഞങ്ങളാരും തീവ്രവാദികളല്ല, കങ്കണ നാവടക്കൂ-കര്‍ഷകരുടെ വിധവകള്‍ 

നാസിക്- ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധവകള്‍. കര്‍ഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിഷേധം. യവത്മാലിലാണ്  പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
'അതെ, ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല' എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധം നടത്തിയത്. കര്‍ഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു. കങ്കണ റണൗത്തിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെരിപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം. കര്‍ഷകരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അവരുടെ സിനിമകള്‍ കാണില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
സാമൂഹ്യ പ്രവര്‍ത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആക്ടിവിസ്റ്റുകളായ അനില്‍ തിവാരി, അങ്കിത് നയ്താം, സുനില്‍ റാവത്, സുരേഷ് തല്‍മലെ, നീല്‍ ജയ്‌സ്വാള്‍, മനോജ് ചവാന്‍, സന്ദീപ് ജജുല്‍വാര്‍, ചന്ദന്‍ ജയന്‍കര്‍, പ്രതീപ് കോസരെ, ബബ്ലു ദ്രുവ്, അഷുതോഷ് അംബാഡെ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് ഞങ്ങള്‍ കണ്ടതാണ്. കര്‍ഷകരെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കര്‍ഷകന്റ വിധവയായ ഭാരതി പവാര്‍ പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.
കടക്കെണിയിലായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതും അതിന്റെ പരിണിതഫലമായി തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം ഓര്‍മ്മിച്ചു. കര്‍ഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിന് പകരം കങ്കണയെപ്പോലുള്ള ദേശസ്‌നേഹമില്ലാത്ത ആളുകള്‍ അവരുടെ ത്യാഗങ്ങളെ കളിയാക്കുന്നുവെന്നും സീദം പറഞ്ഞു.
ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണൗത്ത് എന്നും പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളായി താരതമ്യപ്പെടുത്തുന്ന നടിയുടെ ട്വീറ്റുകളും പ്രതിഷേധ യോഗത്തില്‍ സംസാരിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്‌ലമ്പന്‍ മിഷന്‍ (വിഎന്‍എസ്എസ്എം) പ്രസിഡന്റ് കിഷോര്‍ തിവാരി വിമര്‍ശിച്ചു.
കര്‍ഷക സമരത്തിന്റെ വാര്‍ത്ത പങ്കുവെച്ച് എന്താണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിന് മറുപടിയായി പോപ്പ് താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
'ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാല്‍ അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുര്‍ബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.

 

Latest News