മുംബൈ- കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചു കൊണ്ടുള്ള പോപ് ഗായിക റിഹാനയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നിരവധി ഇന്ത്യന്‍ താരങ്ങളാണിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ ഒറ്റക്കെട്ടാണെന്നും പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണെന്നുമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറിന്റെ ട്വീറ്റ്. 'ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.' എന്നായിരുന്നു ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം സച്ചിന്‍ കുറിച്ചത്. ആദ്യമായിട്ടാണ് സച്ചിന്‍ കര്‍ഷക പ്രക്ഷോഭത്തില്‍ അഭിപ്രായം പറയുന്നത്.
നേരത്തെ നടി കങ്കണ റണാവത്തും റിഹാനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നില്ലെന്നുമായിരുന്നു കങ്കണ പ്രതികരിച്ചത്.എന്നാല്‍ ഇന്ത്യയുടെ ഐക്യത്തെ കുറിച്ച് ട്വീറ്റ് ചെയ്യുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി തപ്‌സി പന്നു.
'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട ടീച്ചറാകരുത്' എന്നാണ് തപ്‌സി പന്നു കുറിച്ചത്.