Sorry, you need to enable JavaScript to visit this website.

നൂറാം ജന്മവാർഷികത്തിൽ ഇന്ദിരക്ക് രാജ്യത്തിന്റെ പ്രണാമം

ന്യൂദൽഹി- രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള ശക്തികൾക്കെതിരേ ധീരമായി നിലയുറപ്പിച്ച മതേതരവാദിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. ഉരുക്ക് വനിതയെന്നാണ് ഇന്ദിരയെക്കുറിച്ചു പറയാറ്. ആ ദൃഢത്വം അവരുടെ പല സ്വഭാവ വിശേഷങ്ങളിൽ ഒന്നു മാത്രമായിരുന്നു. മനുഷ്യത്വവും അനുകമ്പയും അവരുടെ സവിശേഷതകളായിരുന്നുവെന്നും സോണിയ ഓർമിച്ചു. 
എല്ലാ സാഹചര്യങ്ങളിലും ഇന്ദിരയെ അടുത്തു നിന്നു കണ്ടിട്ടുണ്ട്. രാജ്യത്തോട് എത്രമാത്രം ആത്മാർഥത അവർക്കുണ്ടായിരുന്നു എന്നടുത്തറിഞ്ഞിട്ടുമുണ്ട്. അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടും വല്ലാത്ത മമത കാണിച്ചിരുന്നു. പിതാവ് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ വള്ളിപുള്ളി വിടാതെ ഇന്ദിര അനുഗമിച്ചിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.  രാജ്യത്തെ നയിച്ച 16 വർഷങ്ങൾക്കിടയിൽ ഭീകരവാദവും യുദ്ധവും കൊടും ദാരിദ്ര്യവും അവർ ധീരതയോടെ അഭിമുഖീകരിച്ചു. 
ഭയപ്പെടുത്തി സമ്മർദം ചെലുത്തുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അനധികൃത ഇടപെടലുകളെ അവർ ചെറുത്തു. എല്ലാ പ്രവർത്തനങ്ങളുടേയും ആന്തരിക ചോദന ഇതായിരുന്നുവെന്ന് സോണിയ ഓർമിച്ചു.രാജ്യത്തെ നയിച്ചിരുന്ന കാലത്ത് ഭീകരതയും യുദ്ധവും ഉൾപ്പടെ നിരവധി വെല്ലവിളികൾ അവർ നേരിടുകയും മറികടക്കുകയും ചെയ്തു. ഇന്ത്യയെ ശക്തമാക്കുകയും ഐക്യത്തിലും അഭിവൃദ്ധിയിലും നിലനിർത്തുകയും ചെയ്യുന്ന കാര്യത്തിൽ ഇന്ദിരാഗാന്ധി പ്രതിജ്ഞാബദ്ധയായിരുന്നെന്നും സോണിയ ഓർമിച്ചു. 
ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരും മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രണാമം അർപ്പിച്ചു. എന്നാൽ ജന്മശതാബ്ദിക്ക് കേന്ദ്രസർക്കാർ വലിയ പ്രാധാന്യം നൽകാത്തത് വിവാദത്തിനിട നൽകിയിട്ടുണ്ട്.  
 

Latest News