പടനിലം ഒരുങ്ങുന്നു / കോഴിക്കോട് നോർത്ത്
സിനിമാ സംവിധായകൻ രഞ്ജിത് സി.പി.എം പരിഗണനാ ലിസ്റ്റിൽ
കോഴിക്കോട്- ഇന്ദിരാഗാന്ധി റോഡ് എന്ന് പേരിട്ടെങ്കിലും നാട്ടാരിപ്പോഴും മാവൂർ റോഡെന്ന് വിളിക്കുന്ന നിരത്താണ് കോഴിക്കോട് നഗരത്തിലെ നിയമസഭാ മണ്ഡലങ്ങളെ തെക്കെന്നും വടക്കെന്നും വേർതിരിക്കുന്നത്. മുമ്പിത് കോഴിക്കോട് ഒന്നും രണ്ടുമായിരുന്നു. അന്നു പലപ്പോഴും രണ്ടു മണ്ഡലങ്ങളും ഒരേ വഴിക്ക് നീങ്ങിയിട്ടുണ്ടെങ്കിലും തെക്കു വടക്കെന്ന് പേരു വീണ ശേഷം രണ്ടും രണ്ടു വഴിക്കാണ്. തെക്ക് വലത്തോട്ടും വടക്ക് ഇടത്തോട്ടും.
ഹാട്രിക് പൂർത്തിയാക്കിയ എ. പ്രദീപ് കുമാറിന് പകരക്കാരനെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് സി.പി.എമ്മെങ്കിൽ മണ്ഡലം പിടിച്ചെടുക്കാൻ കെൽപുള്ള ഒരാളെയാണ് കോൺഗ്രസ് തേടുന്നത്. ബി.ജെ.പിക്കാവട്ടെ കഴിഞ്ഞ തവണത്തെ വോട്ട് വലിപ്പം കാരണം സ്ഥാനാർഥികൾക്ക് പഞ്ഞമില്ല.
50 വാർഡുള്ള കോഴിക്കോട് കോർപറേഷനെ രണ്ടായി പകുത്തതായിരുന്നു പഴയ കോഴിക്കോട് നിയമസഭാ മണ്ഡലങ്ങളെങ്കിൽ 75 വാർഡുള്ള കോർപറേഷനിൽ എലത്തൂർ, ബേപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ ഭാഗങ്ങളും പെടും. 75 ൽ 54 വാർഡുകൾ നേടി നഗരം ഭരിക്കുന്ന ഇടതുമുന്നണിക്ക് കോഴിക്കോട് നോർത്തിൽ വീര്യം കൂടൂം. പഴയ കോഴിക്കോട് ഒന്ന് മിക്കപ്പോഴും ഇടതിനൊപ്പമായിരുന്നു. 1957 ലും 1960 ലും കോൺഗ്രസിലെ ഒ.ടി. ശാരദാ കൃഷ്ണൻ ജയിച്ചതിന് ശേഷം മൂവർണക്കൊടി പാറിയത് 1970 ൽ പി.വി. ശങ്കരനാരായണനിലൂടെയാണ്. 1965, 1967 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ പി.സി. രാഘവൻ നായർ കോൺഗ്രസിലെ എം. കമലത്തെ തോൽപിച്ചു.
1977 ൽ ശങ്കരനാരായണനെ തോൽപിച്ച സി.പി.എമ്മിലെ എൻ. ചന്ദ്രശേഖരക്കുറുപ്പ് 1982 വരെ ജൈത്രയാത്ര തുടർന്നു. 1987 ൽ എം. കമലത്തെ തോൽപിച്ച് നിയമസഭാംഗമായ എം. ദാസനെ 1991 ൽ കോൺഗ്രസിലെ എ. സുജനപാൽ മലർത്തിയടിക്കുകയായിരുന്നു. 1996 ൽ സുജനെ തോൽപിച്ച് എം. ദാസൻ മണ്ഡലം ഇടത്തോട്ട് നിർത്തി. 2001 ൽ സുജനപാൽ തിരിച്ചുവന്നപ്പോൾ തോറ്റത് സി.പി.എമ്മിലെ എ. സതീദേവിയാണ്. 2006 ൽ സുജനപാലിനെ തോൽപിച്ചാണ് എ. പ്രദീപ് കുമാർ കോഴിക്കോട് ഒന്നിനെ പിടിയിലാക്കിയത്. 2011 ലും 2016 ലും പേരും അതിർത്തിയും മാറി കോഴിക്കോട് നോർത്തായി മാറിയ ഈ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. ആദ്യ മത്സരത്തിൽ സുജനപാലിന്നെതിരെ 7705 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായ പ്രദീപ് കുമാറിന് അടുത്ത തെരഞ്ഞെടുപ്പിൽ പി.വി. ഗംഗാധരന്നെതിരെ 8998 വോട്ടും ലീഡുണ്ടായി. 2016 ൽ പ്രദീപിന്റെ ഭൂരിപക്ഷം 27,873 വോട്ടായി. പോൾ ചെയ്ത വോട്ടിന്റെ 48.4 ശതമാനം വോട്ട് പ്രദീപ് നേടിയപ്പോൾ കോൺഗ്രസിലെ പി.എം. സുരേഷ് ബാബുവിന് കിട്ടിയത് 27.38 ശതമാനം വോട്ട് മാത്രം. 22.51 ശതമാനം വോട്ട് നേടിയ ബി.ജെ.പി.യിലെ കെ.പി. ശ്രീശൻ 29,860 വോട്ടിനുടമയായി.
സംസ്ഥാനത്ത് ബി.ജെ.പി. ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിലൊന്നായി കോഴിക്കോട് നോർത്ത് മാറി. സംസ്ഥാന സെക്രട്ടറി എം.ടി. രമേശായിരിക്കും സ്ഥാനാർഥിയെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. കെ.പി. ശ്രീശന് ഇത്തവണ അവസരം ലഭിച്ചേക്കില്ല. കോഴിക്കോട് നഗരസഭയിലേക്ക് രണ്ടാമതും ജയിച്ച നവ്യയെയും പരിഗണിക്കുന്നു. ബി.ജെ.പി.ക്ക് നഗരസഭയിൽ ലഭിച്ച ഏഴ് വാർഡുകളിൽ അഞ്ചും ഈ മണ്ഡലത്തിലാണ്. നിരവധി വാർഡുകളിൽ രണ്ടാമതെത്തിയതും ബി.ജെ.പിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ചിത്രം മാറുന്നുണ്ട്. കോഴിക്കോട് നോർത്തിൽ തുടർച്ചയായി ജയിച്ച എ. പ്രദീപ്കുമാറാണ് 2019 ൽ ലോക്‌സഭയിലേക്ക് കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചത്. സ്വന്തം മ ണ്ഡലത്തിൽ പ്രദീപ് 1862 വോട്ടിന് പിറകിലായി. ബി.ജെ.പിയുടെ വോട്ട് 14,803 ആയി കുറയുകയും ചെയ്തു.
മികച്ച സ്ഥാനാർഥിയാണെങ്കിൽ മണ്ഡലം പിടിക്കാമെന്ന് കോൺഗ്രസ് വിചാരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം വെച്ചാണ്. പ്രദീപ്കുമാർ തന്നെ മത്സരിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കിട്ടിയെന്നത് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, അഡ്വ. കെ.പി. അനിൽകുമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ എന്നിവരെ കോൺഗ്രസ് പരിഗണിക്കുന്നു.
മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ മുൻ തെരഞ്ഞെടുപ്പിൽ തന്നെ സി.പി.എം കോഴിക്കോട് നോർത്തിലേക്ക് കണ്ടിരുന്നു. പ്രദീപിന്റെ ജനസമ്മതി കാരണം മൂന്ന് തവണയെന്ന പരിധിയിലേക്ക് പോകുകയാണുണ്ടായത്. മറ്റു സി.പി.എം. നേതാക്കളിൽ നിന്നു ഭിന്നമായി മതഭക്തനായ സഖാവാണ് തോട്ടത്തിൽ രവീന്ദ്രൻ. വി.എസ്. സർക്കാറിന്റെകാലത്ത് ഗുരുവായൂർ ദേവസ്വം ബോർഡ് അധ്യക്ഷനായിരുന്നിട്ടുണ്ട്. തോട്ടത്തിലിനെ ഈയിടെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സന്ദർശിച്ചത് വാർത്തയായിരുന്നു. സിനിമാ സംവിധായകൻ രഞ്ജിത്തിന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. സി.പി.എമ്മിന്റെ ദൃശ്യമാധ്യമ പ്രചാരണത്തിൽ പങ്കു വഹിക്കുന്ന രഞ്ജിത്ത് ഇടതു പക്ഷ അനുഭാവിയെന്നതിനേക്കാൾ എ. പ്രദീപ്കുമാറുമായി അടുത്തയാളാണ്. നേരത്തെ വി.എസ്. പക്ഷക്കാരനായിരുന്ന പ്രദീപ് പിന്നീട് പിണറായിയോട് ചേർന്നതിന്റെ സ്വാധീനം രഞ്ജിത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥാനാർഥി പാർട്ടി വോട്ട് ശതമാനം
എ. പ്രദീപ്കുമാർ സി.പി.എം 64,19,248.4
പി.എം. സുരേഷ് ബാബു കോൺ. ഐ. 36,31,927.39
കെ.പി.ശ്രീശൻ ബി.ജെ.പി. 29,86,022.5
കെ.പി. വേലായുധൻ ബി.എസ്.പി. 4570.34
അബ്ദുൽ വാഹിദ് എസ്ഡി.പി.ഐ. 3510.26
നോട്ട 7700.58