ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് കോടികള്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യു.എസ് ഡോളര്‍) സമ്മാനം ലഭിച്ചത്.
ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് സൂരജ് അനീദ് 4645 നമ്പര്‍ ടിക്കറ്റെടുത്തത്. ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അറിഞ്ഞത്. ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350-ാമത്തെ വിജയിയാണ് കഴിഞ്ഞ 5 വര്‍ഷമായി യു.എ.ഇയിലുള്ള സൂരജ്. തലസ്ഥാന നഗരിയിലെ ബാങ്കില്‍ കസ്റ്റംസ് സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഭാര്യക്കും മകള്‍ക്കുമൊപ്പം അബുദാബിയിലാണ് താമസം.