മുംബൈ-ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ച് വലിയ സംശയമാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കുമുള്ളത്. ഈ സംശയത്തിന് വിത്ത് പാകിയതാകട്ടെ പ്രതിപക്ഷ പാര്‍ട്ടികളുമാണ്. നിലവിലെ ഈ ഇവിഎം സിസ്റ്റത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടു തന്നെ നാളുകള്‍ ഏറെയായി. ബി.ജെ.പി തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതാണ് പ്രതിപക്ഷത്തിന് സംശയം വര്‍ദ്ധിക്കാന്‍ കാരണമായിരുന്നത്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാനുറച്ചിരിക്കുകയാണിപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രത്യേക നിയമം പാസ്സാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ന്യൂസ് 18 ചാനലാണ് ഈ സുപ്രധാന നീക്കം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലിന്റെ കരട് തയ്യാറാക്കിവരികയാണ്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പും നടക്കും. നിയമം പാസ്സായാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായിരിക്കും ഇനി മുതല്‍ നടക്കുക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഇത് ബാധകമായിരിക്കില്ലങ്കിലും ബാലറ്റ് പേപ്പര്‍ സംസ്‌കാരത്തിലേക്ക് പോകണമെന്ന സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാറിനെയും വെട്ടിലാക്കും. ഈ ഘട്ടത്തില്‍ ഇലക്ടോണിക് വോട്ടിങ്ങിന് വേണ്ടി വാശി പിടിച്ചാല്‍ അത് ബി.ജെ.പിക്കെതിരെ കൂടുതല്‍ സംശയം ഉയരാനാണ് വഴിവയ്ക്കുക. ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന നിര്‍ണ്ണായക നീക്കമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യക്തം.
നിയമം പാസ്സാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് സ്പീക്കര്‍ നാനാ പട്ടോല ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനാ അനുച്ഛേദം 328 പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമം പാസ്സാക്കാന്‍ കഴിയും.