ന്യൂദൽഹി- കർഷക സമരത്തെ അനുകൂലിച്ച് സെലിബ്രിറ്റികൾ രംഗത്തുവരരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒരു ചെറിയ വിഭാഗം കർഷകർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങൾ സെലിബ്രിറ്റികളുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈ പ്രതിഷേധം ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികതയുടെയും രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽനിന്ന് കാണണമെന്നും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ തിരക്കുകൂട്ടുന്നതിനുമുമ്പ് വസ്തുതകൾ കണ്ടെത്തണം.
ഇന്ത്യയിലെ കർഷകരിൽ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് നിയമത്തിൽ ആശങ്കയുള്ളത്. പ്രതിഷേധിക്കുന്ന കർഷകരുടെ വികാരം മാനിച്ച് തങ്ങൾ നിയമം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാമെന്ന് പോലും പറഞ്ഞു. സെൻസേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും സെലിബ്രിറ്റികൾ ഏറ്റെടുക്കുന്നത് ഉത്തരവാദിത്തപരമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കർഷക സമരത്തിന് പിന്തുണയുമായും കേന്ദ്ര സർക്കാരിന്റെ നടപടികളെ വിമർശിച്ചും അന്താരാഷ്ട്ര തലത്തിൽ വിമർശനം ശക്തമാകുന്നതിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രതികരിക്കാൻ നിർബന്ധിതരായത്.
പോപ് ഗായികയായ റിഹാന, പരിസ്ഥി പ്രവർത്തക ഗ്രേറ്റ തൻബർഗ്, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസ് തുടങ്ങിയവർ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സ്‌റ്റോപ്പ് കില്ലിങ്ങ് ഫാർമേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തിൽ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കർഷകർക്കെതിരെ സർക്കാർ നടത്തുന്ന ആക്രമണത്തേയും ഇന്റർനെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,' മീനാ ഹാരിസ് ട്വീറ്റ് ചെയ്തു. അമേരിക്കയിൽ ഒരു മാസം മുമ്പ് ട്രംപിന്റെ അനുയായികൾ നടത്തിയ പ്രതിഷേധത്തെ സൂചിപ്പിച്ചാണ് മീനാ ഹാരിസ് ട്വീറ്റ് ചെയ്തത്.
പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെയായിരുന്നു ഗ്രെറ്റ തൻബർഗും പോപ് ഗായിക റിഹാനയും രംഗത്തെത്തിയത്. നമ്മൾ എന്തുകൊണ്ടാണ് ഇതേകുറിച്ച് സംസാരിക്കാത്തത് എന്ന് ട്വീറ്റ് ചെയ്താണ് റിഹാന ട്വീറ്റ് ചെയ്തത്.