ന്യൂദല്‍ഹി- മതപരിവര്‍ത്തന നിരോധന നിയമം രാജവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രാഥമികമായി സംസ്ഥാന സര്‍ക്കാരുകളുടെ ആശങ്കകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിന് നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്. ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂള്‍ അനുസരിച്ച് പൊതു ക്രമവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്, അതിനാല്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുക, കണ്ടെത്തല്‍, രജിസ്‌ട്രേഷന്‍, അന്വേഷണം, വിചാരണ എന്നിവ പ്രധാനമായും സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.