മിയാമി- അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെപ്പില്‍ രണ്ട് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടം നില തൃപ്തികരമാണ്. മൂന്നാമത്തെയാള്‍ക്ക് ചികിത്സ വേണ്ടിവന്നില്ല.
ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സംശയിക്കപ്പെട്ടിരുന്ന ആളെ കസ്റ്റഡിയിലെടുക്കാന്‍ വാറണ്ടുമായെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയും സംഭവസ്ഥലത്ത് സ്വയം വെടിവച്ച് മരിച്ചതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എഫ്ബിഐ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥരായ ഡാനിയേല്‍ ആല്‍ഫിന്‍, ലോറ ഷെവാട്‌സെന്‍ബെര്‍ഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അറിയിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തെ എഫ്ബിഐ എക്കാലവും ആദരിക്കുമെന്നും എന്നെന്നേക്കും അവരോട് കടപ്പെട്ടിരിക്കുമെന്നും റേ പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥരെ വെടിവച്ചതിനുശേഷം മണിക്കൂറുകളോളം വീടിനകത്തിരുന്ന പ്രതി സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്ന് എഫ്ബിഐ വിശദീകരിക്കുന്നു. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ കംപ്യൂട്ടര്‍ അടക്കമുളള തെളിവുകള്‍ കണ്ടുകെട്ടാനാണ് ഉദ്യോഗസ്ഥരെത്തിയത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാകി വ്യക്തമാക്കി.