കൊച്ചി- രാഷ്ട്രീയം പ്രവചനാതീതമായ തൊഴിലാണെന്നും ആർക്കും ഫലപ്രാപ്തി എന്തെന്ന് അറിയാതെ ഇത് പരീക്ഷിക്കാൻ മാത്രമേ കഴിയൂ എന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെൻറ്. തെരേസാസ് കോളജിൽ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ മൻമോഹൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും കോൺഗ്രസ് വിജയിക്കുമെന്ന് പറഞ്ഞ മൻമോഹൻ രാഹുൽ ഗാന്ധിയുടെ കഠിനാധ്വാനത്തെ പ്രകീർത്തിച്ചു. രാഹുൽ ഗാന്ധി നന്നായി ജോലി ചെയ്യുന്നുണ്ട്. അതിൻറെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബി ജെ പി സര്ക്കാരിന്റെ കറൻസി നിരോധനത്തിലും ജി എസ് ടി നടപ്പാക്കിയ രീതിയിലും ജനങ്ങൾക്കുള്ള രോഷവും പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് താൻ പ്രവാചകനല്ല എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. പക്ഷെ കോൺഗ്രസിൻറെ വിജയത്തിൽ എനിക്ക് പ്രതീക്ഷയുണ്ട്, അദ്ദേഹം പറഞ്ഞു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ, ക്രമസമാധാന നിലയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്- മൻമോഹൻ സിങ് പറഞ്ഞു.
മൂഡി റേറ്റിങ് ഉയർന്ന പശ്ചാത്തലത്തിൽ സമ്പദ്ഘടനയുടെ പ്രശ്‌നങ്ങൾ തീർന്നു എന്ന മിഥ്യാധാരണയിലേക്ക് കേന്ദ്രസർക്കാർ പോകേണ്ടതില്ലെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. റേറ്റിങ് ഉയർത്തിയതിൽ സന്തോഷമുണ്ട്. സോദ്ദേശ്യമായ നേതൃത്വമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്നാവശ്യമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്രൂഡ് ഓയിൽ വില കൂടുന്നത് ഇന്ത്യയെ ഗുരുതരമായി ബാധിക്കും. ഇത് ഗുരുതരമായ അടവ് ശിഷ്ട (ബാലൻസ് ഓഫ് പേയ്‌മെൻറ്) പ്രതിസന്ധിയുണ്ടാക്കിയേക്കാം . ഇത് ധനസ്ഥിതിയെ ബാധിക്കും. ജി എസ് ടി നടപ്പാക്കുന്നതിൽ അനാവശ്യ തിടുക്കം കാണിച്ചുവെന്നും പുതിയ നികുതി ഘടന നടപ്പാക്കിയപ്പോൾ ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിൽ ബ്യൂറോക്രസി പരാജയപ്പെട്ടുവെന്നും മുൻ ധനമന്ത്രി കൂടിയായ മൻമോഹൻ സിംഗ് പറഞ്ഞു. ജി എസ് ടി കൗൺസിൽ ഒട്ടേറെ യോഗങ്ങൾ ചേർന്നുവെങ്കിലും വേണ്ടത്ര ഗൃഹപാഠം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയില്ല. ഭരണതലത്തിലും നടപ്പാക്കിയ രീതിയിലും പാളിച്ച സംഭവിച്ചു. അനാവശ്യ തിടുക്കം കാട്ടിയത് കൊണ്ടാണ് ഇത്രയധികം ആശയക്കുഴപ്പവും എതിർപ്പുകളും പാളിച്ചകളും ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.