Sorry, you need to enable JavaScript to visit this website.

അരീക്കോട് സുല്ലമുസ്സലാം സ്‌കൂളിൽ കൊയ്ത്തുത്സവം  

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ കൊയ്ത്തുത്സവം മലപ്പുറം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു.

മലപ്പുറം- അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിലെ  എൻ.എസ്.എസ്  യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലിൽ വിദ്യാർഥികൾ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. വിശിഷ്ടാതിഥിയായെത്തിയ  ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനും വിദ്യാർത്ഥികൾക്കൊപ്പം പാടത്തേക്കിറങ്ങി കൊയ്ത്തുത്സവത്തിൽ പങ്കാളിയായി. കൊയ്ത്തുപാട്ടിന്റെ ഈരടികൾ ഉയർന്നതോടെ പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു. രാവിലെ ഏഴോടെ തന്നെ കലക്ടർ സ്ഥലത്തെത്തിയിരുന്നു. യുവതലമുറയ്ക്ക് കൃഷിയോടുള്ള സമീപനം മാറ്റാൻ  ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


യുവകർഷകനും വാർഡ് മെമ്പറുമായ നൗഷർ കല്ലടയുടെ ഉടമസ്ഥതയിലുള്ള വയലിൽ  കഴിഞ്ഞ അഞ്ച് വർഷമായി കുട്ടികൾ കൃഷിയിറക്കുന്നുണ്ട്. വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയാണ് പതിവ്. സ്‌കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരിയെ മാതൃകാ ഹരിത ഗ്രാമം ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ 2,500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ തടയണ നിർമിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. മുതിർന്ന കർഷകനായ മുഹമദ് കൊമ്പൻ, നൗഷർ കല്ലട, പഴയകാല കൊയ്ത്തുകാർ എന്നിവരെ ചടങ്ങിൽ കലക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.


ജില്ലാ പഞ്ചായത്ത് അംഗവും പൂർവ വിദ്യാർഥിയുമായ അഡ്വ.പി.വി മനാഫ് സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും സ്‌കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ പ്രൊ. എൻ.വി അബ്ദുറഹ്മാൻ കലക്ടർക്ക് ഉപഹാരം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബുറഹ്മാൻ അധ്യക്ഷനായി. യോഗത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദു ഹാജി, സ്‌കൂൾ പൂർവ വിദ്യാർഥികളും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായ ശരീഫ ടീച്ചർ, കെ.ടി അഷ്റഫ്,  റൈഹാന കുറുമാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബിൻ ലാൽ, ഉമ്മു സൽമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. സുഹൂദ് മാസ്റ്റർ, സാദിൽ ഷിംജിത മുസ്തഫ, ഹെഡ് മാസ്റ്റർ സി.പി. അബ്ദുൽ കരീം, പി.ടി.എ പ്രസിഡന്റ് അൻവർ കാരാട്ടിൽ, സ്‌കൂൾ അലുംനി കൂട്ടായ്മ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Latest News