പാലക്കാട് - കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങി, റെയിൽവേ സ്റ്റേഷനുകൾ വീണ്ടും സജീവമാകുന്നു. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പത്തു മാസമായി സ്തംഭിച്ചു കിടക്കുകയായിരുന്ന ട്രെയിൻ ഗതാഗതം ഘട്ടംഘട്ടമായി പഴയ നിലയിലേക്ക് കൊണ്ടു വരാനാണ് റെയിൽവേയുടെ തീരുമാനം. കണ്ണൂർ- കോയമ്പത്തൂർ പ്രതിദിന എക്‌സ്പ്രസ് വണ്ടി കൂടി ഓടാൻ തുടങ്ങിയതോടെ ദിവസേന പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ എണ്ണം 34 ആയി. ഇതിനു പുറമേ പതിനാല് പ്രതിവാര വണ്ടികളും സർവ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ മാത്രമേ വണ്ടികൾക്ക് സ്റ്റോപ്പുള്ളൂ. പാസഞ്ചർ ട്രെയിനുകൾ കൂടി ഓടാൻ തുടങ്ങുന്നതോടുകൂടിയേ ഗതാഗതം പഴയ നിലയിലാവുകയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാവുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വണ്ടികൾ ഓടിത്തുടങ്ങിയെങ്കിലും കർശനമായ നിയന്ത്രണങ്ങൾ തുടരുകയാണ്. മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് മാത്രമേ വണ്ടികളിൽ യാത്ര ചെയ്യാനാവൂ. സീറ്റില്ലെങ്കിൽ റിസർവേഷൻ ലഭിക്കുകയില്ല. ഏറെക്കുറെ എല്ലാ വണ്ടികളും നിറഞ്ഞാണ് ഓടുന്നത്. ഓൺലൈൻ റിസർവേഷനു പുറമേ റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിലും ടിക്കറ്റ് നൽകും. ആദ്യഘട്ടത്തിൽ ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്നവരായിരുന്നു കൂടുതലെങ്കിൽ നേരിട്ടെത്തി ടിക്കറ്റ് റിസർവ്വ് ചെയ്യുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷന് നിരക്ക് കൂടുതലായതിനാലാണ് പലരും ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നത്.
സീസൺ ടിക്കറ്റ് വിതരണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും പാസഞ്ചർ വണ്ടികൾ കൂടി ഓടിത്തുടങ്ങാതെ അതുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായിത്തന്നെയാവും പാസഞ്ചർ വണ്ടികളും ഓട്ടം പുനരാരംഭിക്കുക. എന്നാൽ പതിവുയാത്രക്കാരിൽ ഒരു വിഭാഗം തീവണ്ടിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ജോലിയുടെ ആവശ്യത്തിനായി നാലും അഞ്ചും ദിവസം മുമ്പ് ടിക്കറ്റ് റിസർവ്വ് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
വണ്ടികൾ ഓടിത്തുടങ്ങിയതോടെ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങൾ പ്രതീക്ഷയിലാണ്. ട്രെയിനുകളിലേയും സ്റ്റേഷനുകളിലേയും കച്ചവടക്കാർ, താൽക്കാലികാടിസ്ഥാനത്തിൽ നിയമിതരായ ശുചീകരണത്തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, പാർക്കിംഗ് കരാറുകാർ എന്നിങ്ങനെ നിരവധി മേഖലകളിൽ തൊഴിലെടുക്കുന്നവർ കഴിഞ്ഞ ഒരു വർഷത്തോളമായി ബുദ്ധിമുട്ടിലാണ്.