ന്യൂദല്‍ഹി- കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസ്സമായി. ഇന്ത്യയില്‍ ഏറെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയ സിഎഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പൗരത്വ ഭേദഗതി നിയമവും അതിന്റെ മുന്നോടിയായുള്ള ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയാറാക്കലുമെല്ലാം അനിശ്ചിതത്വത്തിലായി. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള കാനേഷുമാരി കണക്കെടുപ്പും ഒരു വര്‍ഷം അപ്പുറത്തേക്ക് മാറ്റി വെക്കേണ്ട സ്ഥിതിയാണ്. സെന്‍സസ് രണ്ടു ഘട്ടമായി നടത്താനാണ് കേന്ദ്രം ഉദ്ദേശിച്ചിരുന്നത്. ആദ്യം ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുക. എന്‍പിആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടങ്ങാനായിരുന്നു പ്ലാന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാം അനിശ്ചിതത്വത്തിലായി. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ചും വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ല. വാക്‌സിനേഷനും നടന്നു വരികയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള സെന്‍സസ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ ഇതും കാരണമായി. 2021ല്‍ നടക്കേണ്ട സെന്‍സസ് 2022ലേക്ക് മാറ്റാനാണ് സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വക്താവ് അറിയിച്ചു.