Sorry, you need to enable JavaScript to visit this website.

ലങ്ക പിടിമുറുക്കുന്നു

കൊൽക്കത്ത- മഴ അൽപം മാറിനിന്നതോടെ ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക പിടിമുറുക്കുന്നു. ആതിഥേയരെ ഒന്നാമിന്നിംഗ്‌സിൽ 172 റൺസിലൊതുക്കിയ ലങ്ക മൂന്നാം ദിവസം കളി നിത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 165 എന്ന താരതമ്യേന ശക്തമായ നിലയിലാണ്. അർധ സെഞ്ചുറി നേടിയ ലഹിരു തിരിമന്നെയും (51) ആഞ്ചലോ മാത്യൂസുമാണ് (52) സന്ദർശകരെ മെച്ചപ്പെട്ട നിലയിലേക്ക് നയിച്ചത്. വെളിച്ചക്കുറവ് മൂലം മൂന്നാം ദിവസം കളി നേരത്തെ നിർത്തുമ്പോൾ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലും (13), വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ നിരോഷം ഡിക്ക്‌വെല്ലയുമാണ് (14) ക്രീസിൽ. ആറ് വിക്കറ്റ് കൈയിലിരിക്കേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ അവർക്ക് എട്ട് റൺസ് കൂടി മതി. 
രണ്ട് വിക്കറ്റു വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാറും ഉമേഷ് യാദവും നന്നായി പന്തെറിഞ്ഞെങ്കിലും ലങ്കൻ ബാറ്റിംഗിനെ ഉദ്ദേശിച്ച പോലെ പിടിച്ചുകെട്ടാൻ അവർക്കായില്ല. ആദ്യ രണ്ട് ദിവസവും കളിയുടെ ഒട്ടുമുക്കാൽ സമയവും മഴ അപഹരിച്ചപ്പോൾ, മൂന്ന് സെഷനും ഏതാണ്ട് പൂർണമായി കളി നടന്നത് ഇന്നലെ മാത്രമാണ്.
തിരിമന്നെയും മാത്യൂസും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 99 റൺസാണ് ഈഡൻ ഗാർഡൻസിൽ ലങ്കക്ക് മേൽക്കൈ നൽകിയത്. ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട രണ്ട് പേരും എട്ട് ബൗണ്ടറി വീതം അടിച്ചു. 27 ലെത്തി നിൽക്കുമ്പോൾ ലൈഫ് കിട്ടിയ തിരിമന്നെ തന്റെ എട്ടാമത് ടെസ്റ്റ് അർധ സെഞ്ചുറി പൂർത്തിയാക്കി അധികം കഴിയും മുമ്പ് മടങ്ങി. ഉമേഷിനെ എഡ്ജ് ചെയ്തത് നേരെ രണ്ടാം സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്
ലിയുടെ കൈകളിലാണെത്തിയത്. കഴിഞ്ഞ 11 ടെസ്റ്റുകളിൽ ഫോം കണ്ടെത്താൻ പാടുപെടുകയായിരുന്ന ഇടങ്കൈയന് പ്രതികൂല സാഹചര്യത്തിലെ അർധ സെഞ്ചുറി ആശ്വാസമായി.
തൊട്ടടുത്ത ഓവറിൽ തന്നെ മാത്യൂസിനെയും ഉമേഷ് മടക്കി. ഷോർട്ട് കവറിൽ കെ.എൽ. രാഹുലിനായിരുന്നു ക്യാച്ച്. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ബൗൾ ചെയ്യാൻ കഴിയാത്ത ഓൾറൗണ്ടർക്ക് ഈ അർധ സെഞ്ചുറി നേട്ടമാണ്. എന്നാൽ ചാന്ദിമലും ഡിക്ക്‌വെല്ലയും കൂടുതൽ അപകടമൊഴിവാക്കി.
നേരത്തെ രണ്ട് ഓപണർമാരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ഭുവി, ലങ്കയെ തുടക്കത്തിൽ വിറപ്പിച്ചിരുന്നു. വമ്പനടിക്കാരൻ സമരവിക്രമ (23) വൻ ഷോട്ടിന് ശ്രമിക്കവേ എഡ്ജ് ചെയ്തത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തി. അതിനു മുമ്പു തന്നെ ദിമുത് കരുണരത്‌നെയെ (8) ഭുവി വിക്കറ്റിനു മുന്നിൽ കുടുക്കിയിരുന്നു.
രാവിലെ അഞ്ചിന് 75 എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 97 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച അഞ്ച് വിക്കറ്റുകൾ കൂടി വീണു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നൽ ദിൽറുവാൻ പെരേരയും ലഹികരു ഗമാഗെയുമായിരുന്നു ഇന്നലെ ഇന്ത്യൻ ബാറ്റിംഗിന് പ്രഹരമേൽപിച്ചത്. തലേദിവസം 47 റൺസെടുത്ത് പിടിച്ചുനിന്ന ചേതേശ്വർ പൂജാരയാണ് ഇന്നലെ ആദ്യം പുറത്താവുന്നത്. ഇന്ത്യൻ നിരയിൽ അർധസെഞ്ചുറി നേടിയ ഏക ബാറ്റ്‌സ്മാനായ പൂജാരയെ (52) അധികം കഴിയുന്നതിനു മുൻപ് ഗമാഗെ ക്ലീൻ ബൗൾ ചെയ്തു. എന്നാൽ വൃദ്ധിമാൻ സാഹയും (29) രവീന്ദ്ര ജദേജയും (22) മുഹമ്മദ് ഷമിയും (24) പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചതുകൊണ്ടാണ് സ്‌കോർ 172 ലെങ്കിലും എത്തിയത്. ഭുവിയെ (13) പുറത്താക്കിയ സുരാംഗ ലക്മലിന് മൊത്തം നാല് വിക്കറ്റ് കിട്ടി.
ഇന്ത്യ ഒന്നാമിന്നിംഗ്‌സ്
കെ.എൽ. രാഹുൽ സി ഡിക്‌വെല്ലെ ബി ലക്മൽ 0, ശിഖർ ധവാൻ ബി ലക്മൽ 8, സി. പൂജാര ബി ഗമാഗെ 52, വിരാട് കോഹ്‌ലി എൽ.ബി.ഡബ്ല്യു ബി ലക്മൽ 0, രഹാനെ സി ഡിക്ക്‌വെല്ലെ ബി ഷനക 4, ആർ. അശ്വിൻ സി കരുണരത്‌നെ ബി ഷനക 4, സാഹ സി മാത്യൂസ് ബി പെരേര 29, രവീന്ദ്ര ജദേജ എൽ.ബി.ഡബ്ല്യൂ ബി പെരേരെ 22, ഭുവനേശ്വർ സി ഡിക്ക് വെല്ല ബി ലക്മൽ 13, മുഹമ്മദ് ഷമി സി ഷനക ബി ഗമാഗെ 24, 
ഉമേഷ് യാദവ് നോട്ടൗട്ട് 6. എക്‌സ്ട്രാസ് 10.
ആകെ 172 ഓളൗട്ട് (59.2 ഓവർ).
വിക്കറ്റ് വീഴ്ച: 1-0, 2-13, 3-17, 4-30, 5-50, 6-79, 7-127, 8-128, 9-146, 10-172.
ബൗളിംഗ്: ലക്മൽ 19-12-26-4, ഗമാഗെ 17.3-5-59-2, ഷനക 12-4-36-2, കരുണരത്‌നെ 2-0-17-0, ഹെരാത് 2-0-5-0, പെരേര 2-0-19-2.

ശ്രീലങ്ക ഒന്നാമിന്നംഗ്‌സ്
സമരവിക്രമ സി സാഹ ബി ഭുവനേശ്വർ 23, കരുണരത്‌നെ ബി ഭുവനേശ്വർ 8, തിരമന്നെ സി കോഹ്‌ലി ബി ഉമേഷ് 51, മാത്യൂസ് സി രാഹുൽ ബി ഉമേഷ് 52, ചാന്ദിമൽ നോട്ടൗട്ട് 13, ഡിക്ക്‌വെല്ല നോട്ടൗട്ട് 14, എക്‌സ്ട്രാസ് 4. ആകെ നാല് വിക്കറ്റിന് 165.
വിക്കറ്റ് വീഴ്ച: 1-29, 2-34, 3-133, 4-138. 
ബൗളിംഗ്: ഭുവനേശ്വർ 14.4-2-4-9-2, ഷമി 13.5-5-53-0, ഉമേഷ് 13-1-50-2, അശ്വിൻ 4-0-9-0, കോഹ്‌ലി 0.1-0-0-0.
 

Latest News