ഭോപ്പാല്‍- മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്രം ഉപയോഗിച്ച് തയാറാക്കുന്ന ഫിനോയില്‍ മാത്രം ഉപയോഗിക്കാന്‍ ഉത്തരവ്. കെമിക്കല്‍ നിര്‍മിത ഫിനോയില്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് (ജി.എ.ഡി) ആണ് ഉത്തരവിട്ടത്.
രാജ്യത്ത് തന്നെ ആദ്യമായി മധ്യപ്രദേശില്‍ രൂപം കൊണ്ട കൗ കാബിനറ്റിന്റെ ആദ്യ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മൃഗസംരക്ഷണം, കൃഷി, പഞ്ചായത്ത്, വനം, റവന്യൂ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കൗ കാബിനറ്റ്.
ഗോമൂത്ര ബോട്ട്‌ലിംഗ് പ്ലാന്റുകളും കൗ ഫിനോയില്‍ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രം സിംഗ് പട്ടേല്‍ പറഞ്ഞു.
ഉല്‍പാദനത്തിനു മുമ്പ് തന്നെ ഡിമാന്റ് ഉറപ്പുവരുത്തുകയാണ്. ഗോ മൂത്രത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചാല്‍ പാല്‍ ചുരത്താത്ത പശുക്കളെ ആളുകള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.