മുംബൈ- വിവാദങ്ങളിൽ മുങ്ങിയ ബോളിവുഡ് സിനിമ പത്മാവതിയിലെ നായിക ദീപിക പദുക്കോൺ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവരുടെ തലയറുക്കുന്നവർക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തർപ്രദേശിലെ അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭ നേതാവ് അഭിഷേക് സോമിനെ മീറത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ആരും മുന്നോട്ടുവന്നില്ലെങ്കിൽ താൻ തന്നെ മുന്നിട്ടിറങ്ങി ഇവരുടെ തലയറുക്കുമെന്നായിരുന്നു സോമിന്റെ ഭീഷണി.
12,000 വനിതകൾക്കൊപ്പം തന്റെ ജീവൻകൂടി ബലി നൽകിയ ധീരവനിതയാണ് റാണി പത്മാവതിയെന്നും ആ ധീരതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ബൻസാലി അവരെ അവതരിപ്പിച്ചിരിക്കുന്നതെന്നും സോം ആരോപിച്ചു. ഇത് അനുവദിച്ച് കൊടുക്കാൻ കഴിയില്ല. ഒന്നുകിൽ ഇരുവരും രാജ്യം വിടണം. അല്ലെങ്കിൽ രണ്ടു പേരുടെയും തലയറുക്കും-അഭിഷേക് സോം പറഞ്ഞു.
അഞ്ച് കോടി രൂപ നൽകാനുള്ള ആസ്തി ക്ഷത്രിയ മഹാസഭക്കുണ്ട്. വേണ്ടിവന്നാൽ പണം പിരിക്കും. കാരണം മാതാവ് റാണി പത്മാവതിയുടെ സൽപേരും ആദരവുമാണ് ഏറ്റവും ശ്രേഷ്ഠമായത്- അഭിഷേക് സോം പറഞ്ഞു. ഇനി ആരും ഇതിന് തയ്യാറായി മുന്നോട്ട് വന്നില്ലെങ്കിൽ താൻ തന്നെ ഇരുവരുടെയും തലയറുക്കുമെന്നും അഭിഷേക് സോം ഭീഷണി മുഴക്കി.
പത്മാവതി പ്രദർശിപ്പിക്കാനൊരുങ്ങുന്ന തിയേറ്ററുകൾ തകർത്തും താരങ്ങൾക്ക് നേരെ വധഭീഷണി മുഴക്കിയും പ്രദർശനം തടയണമെന്നാവശ്യപ്പെട്ടും പ്രതിഷേധങ്ങൾ തുടരുകയാണ്. ദീപികയ്ക്കും രൺവീറിനും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മാസം ഒന്നിനു റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നൽകിയില്ല. അപേക്ഷ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയായിരുന്നു. സിനിമക്ക് അനുമതി നൽകുന്നതിനുമുമ്പ് ജനവികാരം കണക്കിലെടുക്കണമെന്ന് യു.പി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രജപുത്ര സംഘടനകളുടെ പ്രതിഷേധത്തിനു കാരണമായ സിനിമക്കെതിരെ സംഘ് പരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു.
അപേക്ഷ പൂർണമാക്കി വീണ്ടും സമർപ്പിച്ചാൽ നിലവിലെ നിയമങ്ങൾക്കനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെൻസർ ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും അതെത്രത്തോളം സാധ്യമാണെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണു സർട്ടിഫിക്കറ്റിനായി സിനിമ സമർപ്പിച്ചത്.
രേഖകളുടെ പരിശോധനക്കിടെയാണ് അപേക്ഷ പൂർണമല്ലെന്നു വ്യക്തമായതത്രെ. എന്നാൽ എന്താണ് അപേക്ഷയിലെ പോരായ്മയെന്ന് വിശദീകരിച്ചിട്ടില്ല. നിസ്സാരമായ സാങ്കേതിക പ്രശ്‌നമേയുള്ളൂവെന്ന് നിർമാതാക്കളായ വിയാകോം 18 മോഷൻ പിക്‌ചേർസ് സി.ഒ.ഒ അജിത് അന്ധാരെ പ്രതികരിച്ചു. സിനിമ ഇപ്പോഴും സെൻസർ ബോർഡിലുണ്ടെന്നും കാണുന്നതിന് അവർക്കു തടസ്സമില്ലെന്നും അന്ധാരെ പറഞ്ഞു.