Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസുകാര്‍ മൗദൂദിയുടെ തൊപ്പി ഇടട്ടെ- ആഞ്ഞടിച്ച് ജയരാജന്‍

കണ്ണൂര്‍ - രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വര്‍ഗീയതയുടെ ഐശ്വര്യകേരളമാണ്  ലക്ഷ്യമിടുന്നതെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. ലീഗിന്റെയും ജമാഅത്തെ ഇസ്്‌ലാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങി തീവ്രവര്‍ഗീയ നിലപാട് തുടരാനാണ് ഭാവമെങ്കില്‍ മൗദൂദിയുടെ തൊപ്പിയാണ് ഇനി കോണ്‍ഗ്രസുകാര്‍ ഇടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ശ്രീമാന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ. 'വര്‍ഗീയതയുടെ ഐശ്വര്യ കേരളമാണ്' ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.എഫ് എന്നത്.
യു.ഡി.എഫിന് തീവ്രവര്‍ഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാന്‍  ജമാഅത്തെ ഇസ്്‌ലാമി ഇപ്പോള്‍ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാള്‍ തീവ്രവര്‍ഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ...അതല്ലേ യു.ഡി.ഫ് ന്റെ വര്‍ഗീയ വിളവെടുപ്പിന് കൂടുതല്‍ നല്ലത്...

ഇതൊക്കെയാണ് യു.ഡി.എഫിന്റെ വര്‍ഗീയകേരളത്തിന് മുന്നില്‍ ജമാഅത്തെ ഇസ്്‌ലാമി അവതരിപ്പിക്കുന്ന അജണ്ട. അതിന്റെ കാഹളമൂത്താണ് ശനിയാഴ്ച്ച മാധ്യമം പത്രത്തില്‍ ഒ.അബ്ദുറഹ്മാന്‍ (എ.ആര്‍) എഴുതിയ ലേഖനം. 'ദൈവിക രാജ്യം' (ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാന്‍ മഹാനായ അബുല്‍ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്.

മൗദൂദിയുടെ ആശയക്കാരനായിരുന്നു ആസാദും എന്നാണ് ലേഖകന്റെ കണ്ടുപിടുത്തം. 1923 മുതല്‍  ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു അബ്ദുള്‍ കലാം ആസാദ്. ഇന്ത്യന്‍ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച, കറ കളഞ്ഞ മതനിരപേക്ഷവാദിയായ, ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഊന്നല്‍ കൊടുത്ത അബ്ദുല്‍ കലാം ആസാദും മതരാഷ്ട്രവാദിയായ മൗദൂദിയും ഒരു പോലെയല്ല. മൗദൂദിയുടെ തൊപ്പി അബുല്‍ കലാം ആസാദിനെ അണിയിക്കാന്‍ ജമാഅത്തെ ഇസ്്‌ലാമി ശ്രമിക്കുമ്പോള്‍ എന്താണ് കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത് ?ജാഥാ നേതാവായ ചെന്നിത്തല ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഈക്കാര്യത്തെ കുറിച് ഒന്നും മിണ്ടാന്‍ പോകുന്നില്ല.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്ന ഉറച്ച രാഷ്ടീയ തീരുമാനം ജനങ്ങളുടെ മനസ്സിലുണ്ട്. മതനിരപേക്ഷ  വോട്ടുകള്‍ ഇനി യു.ഡി.എഫിന് കിട്ടില്ല. അതുകൊണ്ടാണ് പിടിച്ചു നില്‍ക്കാന്‍ യു.ഡി.എഫ് തീവ്ര മതവര്‍ഗീയ വഴികള്‍ തേടുന്നത്. അപ്പോഴാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ മുഖപത്രവും ബുദ്ധിജീവിയും അബ്ദുല്‍ കലാം ആസാദിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്നത്. അബ്ദുല്‍ കലാം ആസാദിന്റെ പാരമ്പര്യമല്ല, മൗദൂദിയുടേത്. ലേഖനത്തിന്റെ അവസാനഭാഗത്ത് 'മത വിശ്വാസികള്‍ രാഷ്ട്രീയമായി സംഘടിച്ച് വില പേശല്‍ നടത്തണം' എന്നാണ് ആവശ്യപ്പെടുന്നത്. ജമാഅത്തെ ഇസ്്‌ലാമി ഇതിലൂടെ ഉന്നംവെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചുനില്‍ക്കുന്ന ദേശീയവാദികളായ മുസ്്‌ലിംകളെയാണ്.

അങ്ങനെയുള്ള ദേശീയ മുസ്്‌ലിംകളെല്ലാം കോണ്‍ഗ്രസില്‍നിന്നുമാറി ലീഗിലോ വെല്‍ഫെയര്‍ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്്‌ലാമി പറയുന്നത്. ഇതിനോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ മതനിരപേക്ഷവാദികള്‍ക്കാകെ താല്‍പ്പര്യമുണ്ട്.

ലീഗിന്റെയും ജമാഅത്തെ ഇസ്്‌ലാമിയുടെയും സമ്മര്‍ദത്തിന് വഴങ്ങി തീവ്രവര്‍ഗീയനിലപാട് തുടരാനാണ് ഭാവമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ ഇനിമുതല്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്.

 

Latest News