Sorry, you need to enable JavaScript to visit this website.

തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം

ന്യൂദൽഹി- സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദർശനത്തിനുള്ള മാതൃക പ്രവർത്തന ചട്ടം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പുറത്തിറക്കി. നാളെ മുതൽ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും 100% ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27 ലെ ഉത്തരവിനെ തുടർന്നാണ് പുതിയ പ്രവർത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷൻ, കോവിഡ് പ്രോട്ടോക്കോൾ എന്നിവ പൂർണമായും പാലിക്കണം. തിയേറ്ററുകൾക്കുള്ളിലെ സ്റ്റാളുകളിൽ നിന്നും കാണികൾക്ക് ഭക്ഷണം വാങ്ങാൻ അനുമതിയുണ്ട്. എന്നാൽ കണ്ടെയ്‌മെന്റ് സോണുകളിൽ തിയേറ്ററുകൾക്ക് പ്രദർശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികൾ സ്വീകരിക്കാവുന്നതാണ്.
ഫേസ് മാസ്‌ക് ധരിക്കൽ, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് 6 അടി അകലം പാലിക്കൽ, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാൻ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം.
എൻട്രി, എക്‌സിറ്റ് മേഖലകളിൽ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദർശനങ്ങൾ തമ്മിൽ നിശ്ചിത ഇടവേള ഉണ്ടാകണം. മൾട്ടിപ്ലക്‌സുകളിൽ വിവിധ തിയേറ്ററുകൾ തമ്മിലും പ്രദർശന സമയത്തിൽ വ്യത്യാസമുണ്ടാകണം.
ടിക്കറ്റ്, ഭക്ഷണ പാനീയങ്ങൾ എന്നിവയ്ക്ക് പരമാവധി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കണം. ടിക്കറ്റ് വിൽക്കുന്നതിന് ആവശ്യമായ എണ്ണം കൗണ്ടറുകൾ, ദിവസം മുഴുവൻ തുറക്കണം. തിരക്ക് ഒഴിവാക്കുന്നതിന് അഡ്വാൻസ് ബൂക്കിങ്ങും അനുവദിക്കണം.
ഓരോ പ്രദർശനത്തിന് ശേഷവും സിനിമാ ഹാൾ സാനിറ്റൈസ് ചെയ്യണം. പൊതു ഉപയോഗ പ്രദേശങ്ങൾ, വാതിൽപ്പിടികൾ, റെയിലിങ്ങുകൾ എന്നിങ്ങനെ സമ്പർക്കമുണ്ടാകുന്ന ഇടങ്ങൾ കൃത്യമായ ഇടവേളകളിൽ സാനിറ്റൈസ് ചെയ്യണം.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളെപ്പറ്റി, സിനിമാ തിയറ്ററുകൾക്ക് സമീപം പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് പോസ്റ്ററുകൾ, പ്രദർശനങ്ങൾ, അനൗൺസ്‌മെന്റ് എന്നിവ ഏതെങ്കിലും സംഘടിപ്പിക്കാനും പുതിയ പ്രവർത്തന ചട്ടത്തിൽ പറയുന്നു.

Latest News