കാലിഗ്രഫിയിൽ വിപ്ലവം സൃഷ്ടിച്ച ആർടിസ്റ്റ് ഭട്ടതിരിയുടെ സർഗസപര്യയെക്കുറിച്ച്
പലരാജ്യങ്ങളിലും, കാലിഗ്രഫി അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. കലയിൽനിന്ന് കാലിഗ്രഫിയെ അവിടെ മാറ്റിനിർത്തുന്നില്ല. മലയാളഭാഷയിൽ കാലിഗ്രഫിവേണ്ടവിധം ഇന്നും വികസിച്ചിട്ടില്ല. അറബിക് കാലിഗ്രഫിക്കാണ് കേരളത്തിൽ കുറച്ചെങ്കിലും പ്രചാരം ലഭിച്ചിട്ടുള്ളത്.
ചിത്രങ്ങളും പ്രതിമകളും ആരാധനാപാത്രങ്ങളാകുന്നതിനെതിരെയുള്ള ജാഗ്രതയുടെ ഫലമായി മുസ്‌ലിംകളുടെ ഇടയിൽ അക്ഷരചിത്രങ്ങൾക്ക് (കാലിഗ്രഫി) പ്രാധാന്യം കൈവന്നതുകൊണ്ടാകാമിത്. പുതുപരീക്ഷണങ്ങൾകൊണ്ട് കാലിഗ്രഫി പേർഷ്യയിലും ചൈനയിലും കൊറിയയിലും യൂറോപ്പിലും എന്തിന് ഉറുദുവിലും മറ്റും തേരോട്ടം നടത്തുമ്പോഴും മലയാളഭാഷ ഇതൊന്നും ഇപ്പോഴും കണ്ടതായിപ്പോലും നടിക്കാറില്ല.
കാലിഗ്രഫിയെ ഒരു കലയായി മലയാളി അംഗീകരിക്കാത്തതുകൊണ്ടാവാമിത്. അല്ലെങ്കിൽ പ്രതിഭാശാലികൾ ആ രംഗത്ത് ചുവടുറപ്പിക്കുന്നില്ല. ചിത്രമെഴുത്തിന് തഴെമാത്രമെ എന്നും മലയാളി കാലിഗ്രഫിക്ക് സ്ഥാനം നൽകിയിട്ടുള്ളു. കൈയ്യക്ഷരം മോശമായവരുടെ തലേലെഴുത്തുനന്നായിരിക്കുമെന്നൊരു ചൊല്ലുതന്നെയുണ്ടായത് കലിഗ്രാഫിയോടുള്ള നമ്മുടെ ഉദാസീനതയുടെ തെളിവായിവേണം വിലയിരുത്താൻ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പഴയകാലത്തുതന്നെ ചെറിയതോതിലെങ്കിലും കാലിഗ്രഫിക്ക് മലയാളത്തിലും സ്ഥാനമുണ്ടായിരുന്നു. പഴയ ചിലപുസ്തകങ്ങളുടെ കവർ കാലിഗ്രഫിയാണ്. എന്നാൽ ആ നിലയിലത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം. മലയാള കാലിഗ്രഫിക്ക് ചിറകുകൾ നൽകുകയാണ് നാരായണഭട്ടതിരിയെന്ന കലാകാരൻ. ചുരുങ്ങിയകാലംകൊണ്ടുതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് മലയാള കാലിഗ്രഫിയെത്തിച്ചുവെന്നുമാത്രമല്ല ലോക അംഗീകാരം നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
'കേരളത്തിന്റെ തെക്കറ്റത്തുനിന്ന് വടക്കറ്റത്തേക്ക് സഞ്ചരിച്ചാൽ സ്ഥാപനങ്ങളുടെ ബോർഡുകൾനോക്കി സ്ഥലമേതെന്ന് കണ്ടെത്താൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. വ്യത്യസ്തശൈലിയിലാണ് മലയാളം ഓരോ നാട്ടിലും എഴുതിയിരുന്നത്. ഇന്നതിനൊക്കെ ഇപ്പോൾ മാറ്റമുണ്ടായി.' നാരായണഭട്ടതിരിയിത് പറയുമ്പോൾ സാങ്കേതികരംഗത്തുള്ള കുതിച്ചുചാട്ടം കാലിഗ്രഫിയെന്ന കലയെ പുറകോട്ടടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടുകയാണ്.
നിലത്തെഴുത്താശാന്മാർ മണലിൽ കുട്ടികളുടെ ചൂണ്ടുവിരൽ പിടിച്ച് നന്നായമർത്തി കൈയ്യക്ഷരം നന്നാക്കാൻ പഴയകാലത്ത് ശ്രമിച്ചിരുന്നു. പള്ളിക്കൂടങ്ങളിൽ ഇരട്ടവരയനും നാലുവരയനും കുട്ടികളെകൊണ്ട് എഴുതിക്കുന്നത് കൈയ്യക്ഷരം നന്നാക്കാനായിട്ടാണ്. ഇങ്ങനെ ഏതൊരു മലയാളിയേയും പോലെ മണലിലെഴുതിയും കടലാസിലെഴുതിയും ഭംഗിയുള്ള കൈപ്പടയുമായാണ് നാരായണഭട്ടതിരിയും വളർന്നത്.
പന്തളത്തിനടുത്ത് ചേന്ദമംഗലം ഇല്ലത്താണ് ജനനം. പന്തളം എൻ.എസ്.എസ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തിങ്കളും ചൊവ്വയും മലയാളം ഇരട്ടവരയനിൽ നന്നായി പകർത്തികാണിക്കണം. ബുധനും വ്യാഴവും ഫോർലൈനിൽ ഇംഗ്ലീഷാണ്. വെള്ളി ഹിന്ദി. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കൈയ്യക്ഷരം നന്നാക്കുന്നതിൽ ശ്രദ്ധവച്ചത്. ക്ലാസ്സിലെ നല്ലകൈയ്യക്ഷരമുള്ളകുട്ടിയായി വളർന്നു. ഫൈൻആർട്ട്‌സ് കോളേജിൽനിന്ന് ബിരുദമെടുത്ത് ഇനിയെന്ത് എന്നാലോചിക്കുമ്പോഴാണ് തിരുവല്ലയിലെ ഡൈനാമിക് ആക്ഷൻ എന്ന സംഘടനയുമായി ബന്ധപ്പെടുന്നത്. ഓഫ് സെറ്റ് പ്രസ്സ് എത്താത്ത കാലമാണ്. ഡൈനാമിക് ആക്ഷന്റെ പരിപാടിയുടെ പോസ്റ്ററുകളൊക്കെ എബ്രഹാം എന്ന സുഹൃത്തുമായി ചേർന്ന് എഴുതിയുണ്ടാക്കി. രാവെളുക്കുവോളം നൂറ് കണക്കിന് പോസ്റ്ററുകൾ എഴുതി. അതൊരുപരിശീലനം തന്നെയായിരുന്നുവെന്ന് ഭട്ടതിരി ഓർക്കുന്നു.
സൗദിയിൽനിന്ന് 1999 ൽ മലയാളം ന്യൂസ് എന്ന പേരിൽ ദിനപത്രം ആരംഭിക്കാനാലോചിച്ചപ്പോൾ അങ്ങനെയൊരു പേരെഴുതിക്കിട്ടാനായി ബന്ധപ്പെട്ടവർ സമീപിച്ചത് നാരായണ ഭട്ടതിരിയെയാണ്. മലയാളംന്യൂസിലൂടെ പ്രവാസലോകത്തും ഭട്ടതിരി തന്റേതായ കൈയ്യൊപ്പ് ചാർത്തി. മലയാളത്തിൽ ഭട്ടതിരി കാലിഗ്രഫി കൊത്തിയ ശില ചൈനയിലെ കാലിഗ്രഫി പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്. നൂറ് കണക്കിന് ഭാഷക്കൊപ്പം മലയാളത്തിനും അവിടെ പ്രവേശനമൊരുക്കിയത് നാരായണഭട്ടതിരിയാണ്.
കൊറിയയിൽനിന്ന് ജിഗ്ജി പുരസ്‌കാരം വാങ്ങാൻ പോയപ്പോൾ അവിടെ വച്ച് പരിചയപ്പെട്ട ചൈനക്കാരനാണ് കാലിഗ്രഫി പാർക്കിലേക്ക് സൃഷ്ടിക്ഷണിച്ചത്.
ലോകത്താദ്യമായി അച്ചടിച്ച പുസ്തകമാണ് ജിഗ്ജി. ഗുട്ടൻബർഗിന്റെ ബൈബിളാണ് ആദ്യമായി അച്ചടിച്ച പുസ്തകമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനും 73 വർഷം മുമ്പ് ജിഗ്ജി അച്ചടിച്ചു. കൈയ്യെഴുത്തി െന പിന്തള്ളി അച്ചടിയിലൂടെ വന്ന ഒരു പുസ്തകത്തിന്റെ പേരിൽ കാലിഗ്രഫി പുരസ്‌കാരം ഏർപ്പെടുത്തിയത് കൗതുകകരമായി നമുക്ക് തോന്നാം. കൊറിയക്കാർ ഈ പുരസ്‌കാരത്തിലൂടെ കൈപ്പടയോട് നീതിപുലർത്തുകയാണെന്ന് കരുതാം.
കൊറിയയിൽ കാലിഗ്രഫിയുടെ സ്പർശമില്ലാത്തതായി യാതൊന്നുമില്ല. വീടിന് മുമ്പിൽ വാതിലിനടുത്ത് കാലിഗ്രഫിയിൽ ചെയ്തവർക്കുകൾ തൂക്കിയിട്ടിരിക്കും. ഇതവരുടെ പൊതുസംസ്‌കാരമാണ്. കേരളത്തിലും കാലിഗ്രഫി എല്ലാ വീട്ടിലും എത്തിക്കാനാണ് ഭട്ടതിരിയുടെ പരിശ്രമം. ഇതിനായി കാലിഗ്രഫിയിൽ കലണ്ടർ നിർമ്മിച്ചെടുത്തിട്ടുണ്ട്. ദിവസവും രണ്ട് കാലിഗ്രഫി ചിത്രങ്ങളെങ്കിലും വരയ്ക്കും. ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കും. സംസ്ഥാനത്താദ്യമായി ശംഖുമുഖത്ത് കാലിഗ്രഫിക്കായി ഒരു വർഷോപ്പ് കചടതപ എന്ന പേരിൽ നടത്തി. രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
വർക്ക്‌ഷോപ്പുകൾ നടത്തുന്നത് നല്ലതാണെന്നാണ് ഭട്ടതിരിയുടെ അഭിപ്രായം. കൂട്ടായ്മയുണ്ടാകും. രണ്ടുകുട്ടികൾക്ക് ഒരു പാത്രത്തിലാണ് വരയ്ക്കാൻ മഷി നൽകിയത്. ഇതുമൂലം അവർ തമ്മിലൊരുബന്ധം ഉണ്ടാകും. കാലിഗ്രഫിയെ ഇവിടെ ഒരുതൊഴിലായി കാണാനാവില്ല. പാട്ട് പഠിക്കുന്നതുപോലെ കവിത എഴുതുന്നത് പോലെ കാലിഗ്രഫിയും പഠിക്കാം.
കമ്പ്യൂട്ടറിൽ എഴുതുകയും വരയ്ക്കുകയും ചെയ്യാറുണ്ടെങ്കിലും കൈകൊണ്ട് മഷിയും പേനയുമൊക്കെ ഉപയോഗിച്ച് വരയ്ക്കുകയും എഴുതുകയും ചെയ്യുന്നതിന്റെ സുഖം ലഭിക്കില്ലെന്നാണ് ഭട്ടതിരിയുടെ അനുഭവം. കൊറിയയിൽപോയപ്പോൾ പേനകൊണ്ട് കാലിഗ്രഫിചെയ്യുന്ന ഒരാൾ ഇന്ത്യയിൽനിന്ന് എത്തിയിട്ടുണ്ടെന്ന കൗതുകമായിരുന്നു പലർക്കും. ബ്രഷുകൊണ്ടുമാത്രമാണ് അവരൊക്കെ കാലിഗ്രഫിചെയ്യുന്നത്. അതിനായി പ്രത്യേകബ്രഷ് തന്നെയുണ്ട്. നാരായണഭട്ടതിരി ബ്രഷുകൊണ്ടും പേനകൊണ്ടും കാലിഗ്രഫിചെയ്യും.
കാലിഗ്രഫിക്കായി ഒരു സ്‌കൂളെന്നത് പ്രായോഗികമാല്ലെന്നാണ് നാരായണഭട്ടതിരിയുടെ അഭിപ്രായം. കാലിഗ്രഫിപഠിക്കാനായി കൂട്ടികളെത്തുമോയെന്നാണ് സംശയം. ഗുരുകുലരീതിയിൽ താൽപര്യമുള്ള കുട്ടികളെ പഠിപ്പിച്ചെടുക്കുന്നതാവും നല്ലത്. തന്റെ അരികിലെത്തുന്നവരെ ഇത്തരത്തിൽ ഭട്ടതിരി പഠിപ്പിക്കുന്നുണ്ട്.
കാലിഗ്രഫി ചിത്രകലയാണോ ഭാഷയാണോയെന്ന ചോദ്യത്തിന് ഭട്ടതിരിയുടെ ഉത്തരം ഇങ്ങനെ-' കാലിഗ്രഫിയെ ചിത്രകലയിലും ഭാഷയിലും ഉൾപ്പെടുത്താം. കാലിഗ്രഫിയിൽ ഭാഷതെളിഞ്ഞുകാണാം. ദേശത്തിന്റെ കാര്യം കൂടി കാലിഗ്രഫിയിൽവരും. ചിത്രകലയിൽ അതുവരണമെന്നില്ല. ചിത്രകല ഭാഷാതീതമാണ്. കാലിഗ്രഫി ഭാഷബന്ധിതമാണ്'
ഓഗസ്റ്റ് 11 ലോക കാലിഗ്രഫി ദിനമാണ്. ഈ ദിനം നൂറ് ഭാഷയിലെ ആദ്യഅക്ഷരം കൈകൊണ്ടെഴുതി വീഡിയോയെടുത്ത് കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ച് ആഘോഷിക്കാനാണ് ഭട്ടതിരി പദ്ധതി തയ്യാറാക്കുന്നത്.