ന്യൂദൽഹി- കെ.കെ രാഗേഷ് എം.പിക്ക് കോവിഡ്. രോഗബാധയെ തുടർന്ന് മെഡാന്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കെ.കെ രാഗേഷ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മെഡാന്റ ഹോസ്പിറ്റലിൽ കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തോളമായി കർഷകസമരത്തിന്റെ കൂടെയായിരുന്നു. പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങൾ, റാലികൾ. ആഴ്ചകൾ ഇടവിട്ട് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും റിപ്പബ്ലിക് ദിന കർഷക പരേഡിൽ പങ്കെടുത്തതിനുശേഷം നടത്തിയ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു റിസൾട്ട്.
ഗാസിപ്പൂർ ബോർഡറിൽ കഴിഞ്ഞ ദിവസം ആർ.എസ്.എസ് ഉം പോലീസും ചേർന്ന് സമരത്തെ തകർക്കാൻ ശ്രമിച്ചപ്പോൾ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയവർക്കൊപ്പം അവിടെയുണ്ടായിരുന്നു. 27ാം തീയതി പാർലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആയിരുന്നു. ഇതിനെ തുടർന്ന് 29ന് പാർലമെന്റ് ബഹിഷ്‌കരണ പരിപാടിയിലും പ്രതിഷേധ മാർച്ചിലും മറ്റും പങ്കെടുക്കുകയും ചെയ്തു. 30ന് ( ഇന്നലെ) കാലത്ത് കടുത്ത പനിയും കോവിഡിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് വീണ്ടും ടെസ്റ്റ് ചെയ്തു. ഇന്ന് രാവിലെ അതിന്റെ റിസൾട്ട് വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
മെഡാന്റ ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലാണ്. വിവരമറിഞ്ഞ് അഭ്യുദയകാംഷികൾ പലരും വിളിക്കുന്നുണ്ട്. ഇതൊരറിയിപ്പായി കരുതണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എന്നോടൊപ്പം ഇടപഴകിയ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.