Sorry, you need to enable JavaScript to visit this website.

ഡോ. കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു; ഇനി പോലീസ് നീരീക്ഷണത്തില്‍

ഗൊരഖ്പൂര്‍- 2017ല്‍ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ചപ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ചെലവില്‍ ഓക്‌സിന്‍ സംഘടിപ്പിച്ച് വാര്‍ത്തയിലെ താരമായി മാറിയ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ ജില്ലാ ഭരണകൂടം സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നൂറുകണക്കിന് കുട്ടികള്‍ ദാരുണമായി മരിച്ചപ്പോള്‍ അത് മുഖ്യമന്ത്രിക്ക് വലി നാണക്കേടായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന വസ്തുത വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കഫീല്‍ ഖാനെ ആശുപ്ത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് കേസിലുള്‍പ്പെടുത്തകയും ചെയ്തിരുന്നു. മാസങ്ങളോളം ജയിലില്‍ കിടന്ന അദ്ദേഹത്തിന് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിനും കഫീല്‍ ഖാനെതിരെ കേസെടുത്തു. വീണ്ടും അറസ്റ്റിലായ അദ്ദേഹം മാസങ്ങളോളം ജയിലില്‍ കിടന്നു. പല കേസുകളിലും ഉള്‍പ്പെടുത്തി നിരന്തരം വേട്ടയാടുന്നതിനിടെയാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം മറ്റു 80 പേര്‍ക്കൊപ്പം സ്ഥിരം കുറ്റവാളിയായി അദ്ദേഹം എണ്ണിയിരിക്കുന്നത്. 

ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. എന്തെങ്കിലും സാഹചര്യത്തില്‍ വേണ്ടി വന്നാല്‍ പോലീസിന് എപ്പോള്‍ വേണമെങ്കിലും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാം.

അതേസമയം 2020 ജൂണ്‍ 18നു തന്നെ സര്‍ക്കാര്‍ കഫീല്‍ ഖാനെ സ്ഥിരം കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ വിവരം ഇപ്പോള്‍ മാത്രമാണ് പുറത്തു വിട്ടതെന്നും കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ ഖാന്‍ പറഞ്ഞു. 

ഇതിനോട് പ്രതികരിച്ച് ശനിയാഴ്ച ഒരു വിഡിയോ സന്ദേശവും കഫീല്‍ ഖാന്‍ പുറത്തുവിട്ടിരുന്നു. 'യുപി സര്‍ക്കാര്‍ എന്നെ കുറ്റവാളിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവിതകാലം മുഴുവന്‍ എന്നെ നിരീക്ഷിക്കുമെന്നാണ് അവര്‍ പറയുന്നത്. നല്ലത്. ഞാന്‍ 24 മണിക്കൂറും എന്താണ് ചെയ്യുന്നത് എന്ന് നോക്കിയിരിക്കാനായി രണ്ട് സെക്യൂരിറ്റി ഗാര്‍ഡിനെ കൂടി നിയമിക്കൂ. വ്യാജ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതെങ്കിലും എനിക്ക് സഹായകമാകും,' വിഡിയോയില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.
 

Latest News