ന്യൂദല്‍ഹി- കര്‍ഷകര്‍ക്കുനേരെ കല്ലെറിയുകയും ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്ത സിംഘു അതിര്‍ത്തിയില്‍നിന്ന് ദല്‍ഹി പോലീസ് പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പ്രതിഷേധ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കാരവന്‍ മാഗസിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രീലാന്‍സര്‍ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തത്.
അതിക്രമിച്ച് കടന്ന് കര്‍ഷകര്‍ക്ക്‌നേരെ കല്ലേറ് നടത്തിയവര്‍ പ്രദേശവാസികളാണെന്ന് ബി.ജെ.പി പറയുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മന്‍ദീപ് സിംഗെന്ന്
കാരവന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് ബാല്‍ പറഞ്ഞു.
ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബാല്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയുടെ ജേണലിസ്റ്റ് ധര്‍മേന്ദര്‍ സിംഗിനേയും സിംഘുവില്‍നിന്ന് കസ്റ്റിഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇരുവരേയും ആലിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഐഡന്ററ്റി കാര്‍ഡ് കാണിച്ചതിനെ തുടര്‍ന്നാാണ് ധര്‍മേന്ദര്‍ സിംഗിനെ പോകാന്‍ അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതീവ സുരക്ഷയുണ്ടായിട്ടും 200 ഓളം ആളുകള്‍ സംഘടിച്ചെത്തി കര്‍ഷകരുടെ സമര ടെന്റുകള്‍ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്ത സിംഘുവില്‍ വെള്ളിയാഴ്ച മുതല്‍ സംഘര്‍ഷം തുടരുകയാണ്. കല്ലെറിഞ്ഞവര്‍ പ്രദേശ വാസികളല്ലെന്നും ബി.ജെ.പിക്കാരാണെന്നുമാണ് കര്‍ഷകരുടെ വാദം.
സംഘര്‍ഷം വിശദമായി റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ദല്‍ഹി പോലീസ് അവകാശപ്പെടുന്നു.