ചെന്നൈ- അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ചെന്നൈയിലെ പോയസ് ഗാർഡൻ അർധരാത്രി റെയഡ് ചെയ്ത തമിഴ്‌നാട് ഗവൺമെന്റിന്റെ നടപടി വഞ്ചനയും രാഷ്ട്രീയ കുടിപ്പകയുമാണെന്ന് ടി.ടി.വി ദിനകരൻ. ജയലളിത താമസിച്ച വീട് തമിഴ് ജനതക്ക് ദേവാലയം കണക്കെയാണെന്നും അവിടെ റെയ്ഡ് ചെയ്യാനുള്ള തീരുമാനം തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെയും കുടിപ്പകയാണ് വെളിവാക്കുന്നതെന്നും അമ്മയുടെ ആത്മാവിനെ അവർ വഞ്ചിച്ചിരിക്കുകയാണെന്നും ദിനകരൻ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെയും ദിനകരൻ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തി. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തങ്ങളുടെ സ്ഥാനം സംരക്ഷിക്കാൻ വേണ്ടി പളനിസ്വാമിയും പനീർശെൽവവും ഏതറ്റം വരെയും പോകുമെന്നാണ് ഇപ്പോഴത്തെ കാര്യങ്ങൾ തെളിയിക്കുന്നത്. അതേസമയം, വി.കെ ശശികല ഉപയോഗിച്ചിരുന്ന രണ്ടുമുറിയും ജയലളിതയുടെ പേഴ്‌സണൽ സെക്രട്ടറി ഉപയോഗിച്ചിരുന്ന ഒരു മുറിയും മാത്രമാണ് പരിശോധിച്ചത് എന്ന വിശദീകരണവുമായി ആദായനികുതി വകുപ്പ് രംഗത്തെത്തി.