ജിദ്ദ- സൗദിയും ഇന്ത്യയും തമ്മിൽ എയർ ബബ്ൾ കരാർ അടുത്ത ആഴ്ച ഒപ്പുവെക്കുമെന്ന് സൂചന. സൗദിക്ക് പുറമെ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബ്ൾ കരാറിൽ ഒപ്പിടുക എന്ന് ഇന്ത്യയിൽനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 24 രാജ്യങ്ങളുമായാണ് ഇന്ത്യക്ക് എയർ ബബ്ൾ കരാർ നിലവിലുള്ളത്. അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കനഡ, എത്യോപ, ഫ്രാൻസ്, ജർമനി, ഇറാഖ്, ജപ്പാൻ, കെനിയ, കുവൈത്ത്, മാലദ്വീപ്, നേപ്പാൾ, നെതർലാന്റ്, നൈജീരിയ, ഖത്തർ, ഒമാൻ, റുവാണ്ട, ടാൻസാനിയ, യു.എ.ഇ, ബ്രിട്ടൻ, ഉക്രൈൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായാണ് നിലവിൽ കരാർ. ഇന്ത്യയുമായി ഉടൻ കരാർ നിലവിൽ വരുമെന്ന് കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സഈദും വ്യക്തമാക്കിയിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിൽ ഒപ്പുവെക്കുന്ന നിയന്ത്രിത വിമാന സർവീസുകളാണ് എയർ ബബിൾ.