ന്യൂദല്‍ഹി- കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളായ സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക് താല്‍ക്കാലികമായി വിച്ഛേദിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിംഘു, ഗാസിപുര്‍, തിക്രി എന്നിവിടങ്ങളിലും ദല്‍ഹിയിലെ സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മുതല്‍ ജനുവരി 31 ന് 11 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിക്കുന്നതായി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഹരിയാന സര്‍ക്കാര്‍ വെള്ളിയാഴ്ച 17 ജില്ലകളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വൈകുന്നേരം 5 മണി വരെ വിച്ഛേദിച്ചിരുന്നു.സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ദല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.