ഖോര്‍ഫുഖാന്‍- മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍ പെട്ട അഞ്ച് മലയാളി വിദ്യാര്‍ഥികളെ രക്ഷിച്ചത് യു.എ.ഇ പൗരനും അദ്ദേഹത്തിന്റെ ജോലിക്കാരും. വടക്കു കിഴക്കന്‍ എമിറേറ്റുകളില്‍ പെയ്ത കനത്ത മഴയും മലനിരകളില്‍നിന്ന് കുത്തിയൊലിച്ച വെള്ളവുമാണ് മിന്നല്‍ പ്രളയമായി മാറിയത്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാര്‍ പാര്‍ക്ക് ചെയ്ത് ഖോര്‍ഫുക്കാന്‍ താഴ്‌വരയില്‍ മഴ കാണാനെത്തിയ യു.എ.ഇ പൗരന്‍ ഖലീഫ അലി ബിന്‍ സഈദ് അല്‍ നഖ്ബിയാണ് മലയാളി വിദ്യാര്‍ഥികളുടെ കാര്‍ ഒഴുക്കില്‍ പെട്ടത് കണ്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷിക്കാനായെങ്കിലും ഒരു വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ടു. പിറവം സ്വദേശി ജോയിയുടെ മകനും റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ആല്‍ബര്‍ട്ടിനെയാണ് കാണാതായത്.
വാദിയിലേക്ക് നോക്കിയപ്പോള്‍ ചെറുപ്പക്കാര്‍ രക്ഷിക്കാനായി അലമുറയിടുകയായിരുന്നു. ഒരാള്‍ കാറിനു മുകളിലും മറ്റുള്ളവര്‍ കാറിനകത്തുമായിരുന്നുവെന്ന് അദ്ദേഹം ഗള്‍ഫ് ന്യസിനോട് പറഞ്ഞു. വെള്ളത്തിലേക്ക് ചാടി താന്‍ പടിച്ചിരിക്കുന്ന വള്ളിയില്‍ പിടിച്ചു കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഭയം മൂലം അവര്‍ തയാറായില്ല. പിന്നീട് തന്റെ കീഴിലുളള ജോലിക്കാരുടെ സഹായത്തെടെയാണ് അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അവസാനത്തെയാള്‍ എത്ര പറഞ്ഞിട്ടും വെള്ളത്തിലേക്ക് ചാടാന്‍ വിസമ്മതിച്ചു. പേടിച്ചു പോയ അവന്‍ പിതാവിന്റെ കാറില്‍നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല- നഖ്ബി പറഞ്ഞു.
ഖോര്‍ഫുഖാന്‍ പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.