ഫുജൈറ- യു.എ.ഇയിൽ കനത്ത മഴയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി. ഫുജൈറയിലെ നദ്ഹ വാദിയിൽ കുളിക്കാനെത്തിയ റാസൽഖൈമ ബിർല ഇൻസ്റ്റ്യിറ്റിയൂട്ടിലെ എഞ്ചീനിയറിംഗ് വിദ്യാർത്ഥി ആൽബർട്ടിനെയാണ് കാണാതായത്. പിറവം സ്വദേശി ജോയിയുടെ മകനാണ് ആൽബർട്ട്. കൂടെയുണ്ടായിരുന്ന ഒമ്പത് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.
കനത്ത മഴയെ തുടർന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോൾ വാദിക്കരികിൽ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനത്തോട് കൂടി ഒഴുകി പോവുകയായിരുന്നു. അബുദാബി പോലീസ് നടത്തിയ തെരച്ചിലിൽ വാഹനം കണ്ടെത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല.
കനത്ത മഴ അടുത്ത ദിവസം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ വാദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. രാജ്യം തണുപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കനത്ത മഴയാണ് യു.എ.ഇയിലെ ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ പെയ്തത്.