റിയാദ് - സൗദിയിൽ സമുദ്ര വിനോദ സഞ്ചാര വ്യവസായ വികസനം ലക്ഷ്യമിട്ട് പബ്ലിക് ഇൻവെസ്റ്റ്മെന്റ് കമ്പനി സൗദി ക്രൂസ് കമ്പനി എന്ന പേരിൽ പുതിയ കമ്പനി സ്ഥാപിച്ചു. വിനോദ സഞ്ചാരികൾക്കു വേണ്ടി ആഡംബര ഉല്ലാസ കപ്പൽ സർവീസുകളാണ് കമ്പനി നടത്തുക. സമുദ്ര വിനോദ സഞ്ചാര വ്യവസായ മേഖല സൗദിയിൽ സ്ഥാപിക്കൽ, അന്താരാഷ്ട്ര ക്രൂസ് മാപ്പിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ശക്തമാക്കൽ, വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ടൂറിസം മേഖല വികസിപ്പിക്കൽ എന്നിവയാണ് സൗദി ക്രൂസ് കമ്പനി സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
ജിദ്ദയിൽ ചെങ്കടൽ തീരത്താകും കമ്പനിയുടെ മെയിൻ ആസ്ഥാനം. സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ ലക്ഷ്യങ്ങൾക്കനുസൃതമായി ഒരു സംയോജിത ടൂറിസം അനുഭവം ഉറപ്പാക്കുന്നതിന് സമുദ്ര, കര വിനോദ സഞ്ചാര വ്യവസായത്തെയും രാജ്യത്തെ നിരവധി നഗരങ്ങളിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം തുറമുഖങ്ങളുടെ പ്രവർത്തനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന തന്ത്രപരമായ ഒരു പാലം എന്നോണം സൗദി ക്രൂസ് കമ്പനി പ്രവർത്തിക്കും.
ബന്ധപ്പെട്ട വകുപ്പുകളുമായി പങ്കാളിത്തം സ്ഥാപിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളും വിനോദ യാത്രാ റൂട്ടുകളും വികസിപ്പിക്കാനും അതിഥികൾക്ക് അസാധാരണമായ അനുഭവം നൽകാനും സൗദി പൈതൃകവും സംസ്കാരവും കണ്ടെത്താനുള്ള അവസരം ഒരുക്കാനും പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ സൗദി ക്രൂസ് കമ്പനി പ്രവർത്തിക്കും.
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്താൻ പെട്രോളിതര മേഖലയിലെ ശേഷികൾ പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ 2021-2025 തന്ത്രത്തിന് അനുസൃതമായാണ് പുതിയ കമ്പനിയുടെ സമാരംഭം. തന്ത്രപരമായ മേഖലകളുടെയും സുപ്രധാന മേഖകളുടെയും വളർച്ചാ അവസരങ്ങൾ സജീവമാക്കി 2025 ഓടെ പെട്രോളിതര മേഖലയിൽ നിന്ന് മൊത്തം ആഭ്യന്തരോൽപദാനത്തിലേക്ക് 1.2 ട്രില്യൺ റിയാൽ സംഭാവന ചെയ്യാൻ പബ്ലിക് ഇൻവെസ്റ്റ്മെന്റും ഫണ്ടിനു കീഴിലെ കമ്പനികളും ലക്ഷ്യമിടുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേന്ദ്രങ്ങൾ അടക്കം രാജ്യത്തിന്റെ ചരിത്ര, സാംസ്കാരിക പൈതൃകങ്ങളും പർവത, സമുദ്ര പരിസ്ഥിതി പോലെ സൗദി അറേബ്യയുടെ വ്യതിരിക്തമായ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും വിനോദ സഞ്ചാര പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പ്രയോജനപ്പെടുത്താൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ലക്ഷ്യമിടുന്നു. മികച്ച മേഖലകൾ വികസിപ്പിക്കാനും ഇടത്തരം ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം നേടാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ടൂറിസം പദ്ധതികളിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപങ്ങൾ നടത്തുന്നത്.