വാഷിങ്ടണ്‍- മദ്യമെന്ന് തെറ്റിദ്ധരിച്ച് ഐസ് ഉരുക്കുന്ന ദ്രാവകം കുടിച്ച 11 യുഎസ് സൈനികരെ ഗുരുതരാവസ്ഥയില്‍ ടെക്‌സസിലെ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. 10 ദിവസത്തെ ഫീല്‍ഡ് ട്രൈനിങിനെത്തിയതായിരുന്നു ഇവരെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ലാബ് പരിശോധനയില്‍ സൈനികര്‍ കഴിച്ച ദ്രാവകം എത്തിലിന്‍ ഗ്ലൈക്കോള്‍ ആണെന്ന് തെളിഞ്ഞു. ഫീല്‍ഡ് ട്രെയ്‌നിങിനിടെ സൈനികര്‍ക്ക് മദ്യപിക്കുന്നതിന് വിലക്കുണ്ട്. ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും വരെ കാരണമാകുന്ന ദ്രാവകമാണ് എത്തിലിന്‍ ഗ്ലൈക്കോള്‍ എന്ന് സേന അറിയിച്ചു. സൈനികര്‍ക്കു നല്‍കുന്ന ഭക്ഷണത്തിനു പുറമെ മറ്റെന്തോ കഴിച്ച് വിഷബാധയേറ്റതാണെന്നായിരുന്നു സേന നേരത്തെ പറഞ്ഞിരുന്നത്. ലാബ് പരിശോധനയിലാണ് അകത്തായ ദ്രാവകം എന്താണെന്നു വ്യക്തമായത്. ആന്റിഫ്രീസ് എന്നു വിളിക്കപ്പെടുന്ന ഈ രാസദ്രാവകം നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൊലപാതക കേസുകളിലും ക്രൈം നോവലുകളിലും പതിവായി കേള്‍ക്കുന്ന വസ്തുവാണിത്. മദ്യമെന്ന് വേഗത്തില്‍ തെറ്റിദ്ധരിക്കാനും ഇടയുണ്ട്.