കൊച്ചി - ഇടപ്പള്ളി മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ ആവർത്തിക്കുന്നതിനെതിരെ ദേശീയപാത സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്ന കുന്നുംപുറം എൻ.എസ്.എസ് കരയോഗം ഹാളിന് മുമ്പിൽ ഭൂമിയേറ്റെടുപ്പ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു.
പദ്ധതിയിലെ തട്ടിപ്പ്, അഴിമതി, എലിവേറ്റഡ് ഹൈവേ, മുൻകൂർ പരിസ്ഥിതി അനുമതിയുടെ അഭാവം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ കേസുകളിൽ അന്തിമവാദം തുടങ്ങിയിരിക്കേ ദ്രുതഗതിയിൽ നടപടികൾ തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. എല്ലാ നടപടികളും നിർത്തിവെച്ച് സർക്കാർ ചർച്ചക്ക് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർദിഷ്ട 45 മീറ്റർ പദ്ധതിക്കായി ചെലവിടുന്നതിനേക്കാൾ 500 കോടിയോളം രൂപ കുറവിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനാവും. അരൂർ - തുറവൂർ ഭാഗത്ത് നിലവിലുള്ള 30 മീറ്റർ ഉപയോഗിച്ച് ആറുവരി എലിവേറ്റഡ് ഹൈവേ നിർമിക്കുന്ന മാതൃകയിൽ ഇടപ്പള്ളി - മൂത്തകുന്നം ഭാഗത്തും നിർമിക്കണം. ഒരാളെപ്പോലും കുടിയിറയ്ക്കേണ്ടി വരില്ല. അപകടങ്ങൾ കുറയുകയും വേഗം വർധിക്കുകയും ചെയ്യും. നിർദിഷ്ട പദ്ധതിയേക്കാൾ ഇരട്ടിയിലേറെ വികസനം സാധ്യമാകും. കൂടുതൽ പണം ചെലവഴിച്ചാൽ കൂടുതൽ കമ്മീഷൻ കിട്ടും എന്ന ബോധത്തിലാണ് ജനങ്ങളെ ആവർത്തിച്ച് കുടിയിറക്കിയും 45 മീറ്റർ പദ്ധതി അടിച്ചേൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രേഖകൾ സമർപ്പിക്കാതെയും തെളിവെടുപ്പിൽ പങ്കെടുക്കാതെയും എല്ലാ ഭൂവുടമകളും സ്ഥലമെടുപ്പ് നടപടികൾ ബഹിഷ്കരിച്ച് സമരത്തിൽ പങ്കുചേർന്നു.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ഹാഷിം ചേന്നാമ്പിളളി, രാജൻ ആന്റണി, ഷംസുദ്ദീൻ (വെൽഫെയർ പാർട്ടി), തമ്പി മേനാച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി) ടോമി ചന്ദനപ്പറമ്പിൽ (എൽ.സി.എം.എസ്), പ്രൊഫസർ കെ.എൻ. നാണപ്പൻ പിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.